കൊച്ചി : എന്‍ഡിഎയില്‍ ചേരാനുള്ള തീരുമാനത്തില്‍ വിശദീകരണവുമായി പാര്‍ട്ടി അധ്യക്ഷന്‍ സാബു എം ജേക്കബ്. എല്‍ഡിഎഫിനും യുഡിഎഫിനുമെതിരെ ഗുരുതര ആരോപണങ്ങളാണ് സാബു ജേക്കബ് ഉയര്‍ത്തിയത്. ട്വന്റി 20 യെ ഭൂമുഖത്ത് നിന്ന് ഇല്ലാതാക്കണമെന്ന് തീരുമാനിച്ച്, എല്‍ഡിഎഫും യുഡിഎഫും ആസൂത്രിതമായി ആക്രമിച്ചു, പാര്‍ട്ടിയെ തുടച്ചു നീക്കാനുള്ള ശ്രമമുണ്ടായി, ഇതോടെയാണ് എന്‍ഡിഎയിലേക്ക് പോകാന്‍ തീരുമാനിച്ചതെന്നാണ് സാബു ജേക്കബിന്റെ വിശദീകരണം.
ഏറെ നാളത്തെ ചര്‍ച്ചകള്‍ക്ക് ശേഷമാണ് എന്‍ഡിഎയില്‍ പോകാന്‍ തീരുമാനമെടുത്തത്. കേരളത്തിന്റെ വികസനത്തിനുള്ള കുതിപ്പാണ് ഈ തീരുമാനം. തീരുമാനത്തില്‍ പ്രതിഷേധിച്ച് ട്വന്റി 20 വിട്ടു പോയവരെ കുറ്റം പറയില്ല. സ്വാഭാവികമായ വിട്ടു പോകല്‍ മാത്രമാണ് അത്. ഇനിയും ആളുകള്‍ പോയേക്കാം. ഒരാള്‍ പോകുമ്പോള്‍ നൂറ് പേര്‍ വരും. ഇത് മാറ്റത്തിന്റെ തുടക്കമാണ്. ന്യൂനപക്ഷങ്ങളെ തമ്മില്‍ അടിപ്പിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണ് ഇടതും വലതും ചെയ്യുന്നത്. നിയമസഭ തിരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കുന്ന കാര്യത്തില്‍ ഇതുവരെ തീരുമാനം എടുത്തിട്ടില്ലെന്നും സാബു വ്യക്തമാക്കി.
അതേസമയം ട്വന്റി 20 ബിജെപി മുന്നണിയിലെത്തുന്നത് എറണാകുളത്ത് വലിയ ഗുണം ചെയ്യുമെന്ന കണക്കുകൂട്ടലിലാണ് ബിജെപി. ക്രൈസ്തവ മേഖലകളിലേക്ക് കടന്നു കയറാന്‍ സാബുവിന്റെ സാന്നിധ്യം സഹായിക്കുമെന്നും സംഘടനാപരമായി ശക്തി കുറഞ്ഞ എറണാകുളം ജില്ലയില്‍ സാബു ജേക്കബിനെ ഒപ്പം നിര്‍ത്തുന്നതിലൂടെ കാര്യമായ മുന്നേറ്റമുണ്ടാക്കാനാകുമെന്നും ബിജെപി പ്രതീക്ഷിക്കുന്നു. സാബുവിനെ ഒപ്പം നിര്‍ത്തുന്നതിലൂടെ വികസനത്തില്‍ ഊന്നിയുള്ള രാഷ്ട്രീയ പ്രചാരണത്തിന് കൂടുതല്‍ ശക്തി ലഭിക്കുമെന്ന് ബിജെപി കരുതുന്നു.







