തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് പൊതുസ്ഥലത്ത് അനുമതിയില്ലാതെ ഫ്‌ളക്‌സ് ബോര്‍ഡുകളും കൊടികളും ബാനറുകളും സ്ഥാപിച്ചതിന് ബിജെപി സിറ്റി ജില്ലാ കമ്മിറ്റിക്ക് തിരുവനന്തപുരം കോര്‍പ്പറേഷന്‍ 20 ലക്ഷം രൂപ പിഴയിട്ടു. അനധികൃതമായി സ്ഥാപിച്ച ഈ ബോര്‍ഡുകളും ബാനറുകളുമെല്ലാം നീക്കണമെന്നാവശ്യപ്പെട്ടിട്ടും അത് ചെയ്യാത്തതിനാലാണ് സിറ്റി ജില്ലാ പ്രസിഡന്റിന് ബിജെപി ഭരിക്കുന്ന കോര്‍പറേഷന്‍ പിഴ അടക്കാന്‍ നോട്ടിസ് നല്‍കിയത്.
പൊതുനിരത്തില്‍ പ്രധാനമന്ത്രിയുടെയും ബിജെപി നേതാക്കളുടെയും ചിത്രങ്ങള്‍ അടങ്ങിയ ബോര്‍ഡുകളും ബാനറുകളും പ്രത്യക്ഷപ്പെട്ടതിനെതിരെ വ്യാപകമായി പരാതി ഉയര്‍ന്നിരുന്നുവെന്ന് പറയുന്നു. ഇതോടെ രണ്ടു മണിക്കൂറിനുള്ളില്‍ ഇവ നീക്കണമെന്നാവശ്യപ്പെട്ട് ബിജെപി സിറ്റി ജില്ലാ പ്രസിഡന്റിന് കോര്‍പറേഷന്‍ കത്ത് നല്‍കിയെങ്കിലും നടപ്പാതയ്ക്കു കുറുകെ സ്ഥാപിച്ച ബോര്‍ഡുകള്‍ മാത്രമാണ് മാറ്റിയത്. പിന്നാലെയാണ് കോര്‍പറേഷന്‍ സെക്രട്ടറി പിഴ നോട്ടിസ് നല്‍കിയത്.







