മലപ്പുറം: അതിവേഗ റെയില്‍പാത പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് മെട്രോമാന്‍ ഇ ശ്രീധരന്‍. മലപ്പുറത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവുമായി ചര്‍ച്ച നടത്തിയെന്നും ഇ ശ്രീധരന്‍ അറിയിച്ചു. സംസ്ഥാന സര്‍ക്കാരുമായി ഇക്കാര്യം ചര്‍ച്ച ചെയ്തിട്ടില്ല, 15 ദിവസത്തിനകം ഇതുസംബന്ധിച്ച് റെയില്‍വേ പ്രഖ്യാപനം നടത്തുമെന്നും ഇ. ശ്രീധരന്‍ വ്യക്തമാക്കി.
പദ്ധതിക്കായി ഒരു ലക്ഷം കോടി രൂപയാണ് ചെലവായി കണക്കാക്കുന്നത്. 70 ശതമാനം എലവേറ്റഡ് പാതയും 20 ശതമാനം തുരങ്കപാതയും ആയിരിക്കും. പദ്ധതി പൂര്‍ത്തിയായാല്‍
തിരുവന്തപുരത്ത് നിന്ന് കൊച്ചി വരെ ഒരു മണിക്കൂര്‍ ഇരുപത് മിനിറ്റും തിരുവനന്തപുരത്ത് നിന്ന് കോഴിക്കോട്ടേക്ക് രണ്ടര മണിക്കൂറും തിരുവന്തപുരത്ത് നിന്ന് കണ്ണൂര്‍ വരെ മൂന്നേകാല്‍ മണിക്കൂര്‍ സമയവും എടുക്കും. മണിക്കൂറില്‍ 200 കി.മീ. ആയിരിക്കും വേഗത.
കേരളത്തിലാകെ 22 സ്റ്റേഷനുകള്‍ ഉണ്ടാകും. വിമാനത്താവളങ്ങളെ ബന്ധിപ്പിച്ച് കടന്നു പോകും. പദ്ധതിക്കെതിരെ സമരം പാടില്ലെന്ന് ശ്രീധരന്‍ ആവശ്യപ്പെട്ടു. ആവശ്യത്തിന് മാത്രമായിരിക്കും സ്ഥലമേറ്റെടുക്കുന്നത്. തൂണുകളുടെ പണി കഴിഞ്ഞാല്‍ ഭൂമി തിരികെ നല്‍കും. ഈ സ്ഥലങ്ങളില്‍ വീട് കെട്ടാന്‍ പാടില്ല. കൃഷിക്ക് ഉപയോഗിക്കാം.
പരമാവധി ആളുകളെ കയറ്റണമെന്നതിനാല്‍ 25 കിലോമീറ്ററിനിടയില്‍ സ്റ്റോപ്പ് അനുവദിക്കും. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഷന്‍, എയര്‍പോര്‍ട്ട്, വര്‍ക്കല, കൊല്ലം, കൊട്ടാരക്കര, അടൂര്‍, ചെങ്ങന്നൂര്‍, കോട്ടയം, വൈക്കം, എറണാകുളം, ആലുവ, നെടുമ്പാശേരി, തൃശൂര്‍, കുന്നംകുളം, എടപ്പാള്‍, തിരൂര്‍, കരിപ്പൂര്‍ വിമാനത്താവളം, കോഴിക്കോട്, കൊയിലാണ്ടി, വടകര, തലശ്ശേരി കണ്ണൂര്‍ എന്നിങ്ങനെയാണ് സ്റ്റോപ്പുകള്‍.
എട്ടുകോച്ചുകളാണ് ഇപ്പോള്‍ വിഭാവനം ചെയ്തിരിക്കുന്നത്. പരമാവധി 16 കോച്ചുകള്‍ മാത്രമെ പാടുളളൂ. നിലവില്‍ ഇന്ത്യയില്‍ ഉപയോഗിക്കുന്ന ടെക്‌നോളജിയുള്ള കോച്ചുകള്‍ തന്നെയായിരിക്കും ഉപയോഗിക്കുക. എട്ടുകോച്ചില്‍ 560 ആളുകള്‍ക്ക് സഞ്ചരിക്കാം. നിന്ന് പോകാന്‍ കഴിയില്ല. ഒരുകിലോമീറ്റര്‍ ദൂരത്തിന് ചെലവ് 200 കോടിയാണ്. ആകെ 86,000 കോടി ചെലവ് വരും. പണിപൂര്‍ത്തിയാകുമ്പോഴേക്കും ഒരുലക്ഷം കോടി ചെലവുവരുമെന്ന് പ്രതീക്ഷിക്കുന്നതായും ഇ ശ്രീധരന്‍ പറഞ്ഞു.







