കണ്ണൂര്‍: സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്ന വീഡിയോയില്‍ തന്റെ മുഖം അനുവാദമില്ലാതെ ചിത്രീകരിച്ചതിന് നിധീഷ് കേസിലെ പ്രതി ഷിംജിതയ്‌ക്കെതിരെ ബസ് യാത്രക്കാരിയായ പെണ്‍കുട്ടി പരാതി നല്‍കി. കണ്ണൂര്‍ സ്വദേശിനിയാണ് പരാതിക്കാരി. ഷിംജിത ചിത്രീകരിച്ച ദീപക്കിന്റെ ചിത്രങ്ങളില്‍ പെണ്‍കുട്ടിയും ഉള്‍പ്പെട്ടിരുന്നു. ഈ വീഡിയോ വ്യാപകമായി സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു. ഇത് തനിക്ക് മാനഹാനി ഉണ്ടാക്കിയെന്നും നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് പെണ്‍കുട്ടി കണ്ണൂര്‍ സൈബര്‍ പൊലീസില്‍ പരാതി നല്‍കിയത്. പരാതി നല്‍കിയ കാര്യം സൈബര്‍ പൊലീസ് സ്ഥിരീകരിച്ചു.
അതിനിടെ പെണ്‍കുട്ടി പരാതി നല്‍കിയതിന് പിന്നാലെ വിശദാംശങ്ങള്‍ ലഭിക്കാന്‍ ദീപക്കിന്റെ കുടുംബം സൈബര്‍ പൊലീസിനെ സമീപിച്ചു. വിവരാവകാശം നല്‍കിയാല്‍ മാത്രമേ പരാതിയുടെ വിശദാംശങ്ങള്‍ ലഭിക്കുകയുള്ളൂ എന്നാണ് സൈബര്‍ പൊലീസ് കുടുംബത്തെ അറിയിച്ചത്. ഇതോടെ വിവരാവകാശം നല്‍കി കുടുംബം പരാതിയുടെ വിശദാംശങ്ങള്‍ എടുത്തു.







