കാക്കനാട്: ഓട്ടോയുടെ നിയമലംഘനം പരിശോധിക്കുന്നതിന് എറണാകുളം ജില്ലാ കലക്ടര്‍ രാത്രിയില്‍ നേരിട്ട് റോഡിലിറങ്ങി. പരിശോധനയില്‍ നിയമം ലംഘിച്ച് സര്‍വീസ് നടത്തുകയായിരുന്ന 174 ഓട്ടോകള്‍ക്ക് പിഴ ചുമത്തി. കലക്ടര്‍ ജി.പ്രിയങ്കയുടെ നേതൃത്വത്തില്‍ കഴിഞ്ഞദിവസം രാത്രിയാണ് ഓട്ടോ പരിശോധന നടത്തിയത്. ആറു സ്‌ക്വാഡുകള്‍ ചേര്‍ന്നു 365 ഓട്ടോറിക്ഷകളാണ് പരിശോധിച്ചത്. ഫുള്‍ സ്ലീവ് ഷര്‍ട്ടും ഫോര്‍മല്‍ പാന്റ്സും ധരിച്ചാണ് കലക്ടര്‍ പരിശോധനയ്ക്കെത്തിയത്. അതുകൊണ്ടുതന്നെ കലക്ടറെ തിരിച്ചറിയാന്‍ ഡ്രൈവര്‍മാര്‍ക്ക് കഴിഞ്ഞില്ല.
ഓട്ടോ വിളിച്ചപ്പോള്‍ അടുത്തെത്തിയ ഓട്ടോ ഡ്രൈവറോട് മീറ്റര്‍ അനങ്ങില്ലേയെന്നായിരുന്നു കലക്ടറുടെ ചോദ്യം. ‘ഹോ…. ഈ രാത്രി മീറ്ററൊക്കെ ഇട്ട് ഓടി എങ്ങനെ മുതലാക്കാന്‍’ എന്നായി ഓട്ടോ ഡ്രൈവറുടെ മറുപടി. പിന്നാലെ ഉപദേശമായി. ഇതിനിടെയാണ് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരെത്തി ഓട്ടോ വിളിച്ചതു കലക്ടറാണെന്നും പരിശോധനയ്ക്കെത്തിയതാണെന്നും അറിയിക്കുന്നത്.
പരിശോധനയില്‍ നിയമ ലംഘനം കണ്ടെത്തിയ 174 ഓട്ടോറിക്ഷകള്‍ക്ക് പിഴ ചുമത്തി. ഇതില്‍ 72 ഓട്ടോറിക്ഷകളും ഫെയര്‍ മീറ്റര്‍ പ്രവര്‍ത്തിപ്പിക്കാത്തവയായിരുന്നു. സ്ത്രീ സൗഹൃദ ഓട്ടോ സംസ്‌കാരം വളര്‍ത്തിയെടുക്കണമെന്ന് കലക്ടര്‍ ഓട്ടോ ഡ്രൈവര്‍മാരെ ഉപദേശിച്ചു. എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒ ബിജു ഐസക്കിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരാണ് കലക്ടര്‍ക്കൊപ്പമുണ്ടായിരുന്നത്. റെയില്‍വേ സ്റ്റേഷനുകള്‍, വൈറ്റില, കലൂര്‍, കതൃക്കടവ്, ഹൈക്കോടതി പരിസരങ്ങളിലായിരുന്നു പരിശോധന.
ഇതര ജില്ലകളില്‍ നിന്നെത്തി രാത്രി മാത്രം അനധികൃത സര്‍വീസ് നടത്തിയിരുന്ന 20 ഓട്ടോകളും പിടികൂടി. 15 ഓട്ടോറിക്ഷകള്‍ക്ക് ഫിറ്റ്നസ് ഇല്ലെന്ന് കണ്ടെത്തി. നികുതി അടയ്ക്കാതെ സര്‍വീസ് നടത്തിയ 10 ഓട്ടോകളും നമ്പര്‍ പ്ലേറ്റില്ലാത്ത 15 ഓട്ടോകളും പിടികൂടി. അധിക ലൈറ്റുകള്‍ ഘടിപ്പിച്ചു മറ്റു വാഹനങ്ങള്‍ക്ക് ശല്യമുണ്ടാകും വിധം അമിത വെളിച്ചം വിതറി ഓടിയ 12 ഓട്ടോറിക്ഷകള്‍ക്ക് പിഴ ചുമത്തി. ലൈസന്‍സില്ലാത്ത ഏഴ് ഓട്ടോ ഡ്രൈവര്‍മാരും പിടിയിലായി.







