കാസര്‍കോട്: കുമ്പള, നായ്ക്കാപ്പ് സ്വദേശിയും കാസര്‍കോട് ബാറിലെ അഭിഭാഷകയുമായ ചൈത്രയുടെ വീട്ടില്‍ നിന്നു 29 പവന്‍ സ്വര്‍ണ്ണവും കാല്‍ലക്ഷം രൂപയുടെ വെള്ളി ആഭരണങ്ങളും 5000 രൂപയും കൊള്ളയടിച്ച കേസില്‍ പിടിയിലായത് ബാങ്ക് കൊള്ളക്കേസിലെ പ്രതി. കര്‍ണ്ണാടക സ്വദേശിയും കാസര്‍കോട്, കുമ്പള പൊലീസ് സ്റ്റേഷന്‍ പരിധികളിലെ വിവിധ സ്ഥലങ്ങളിലെ ക്വാര്‍ട്ടേഴ്‌സുകളില്‍ താമസക്കാരനുമായിരുന്ന ഇബ്രാഹിം എന്ന കലന്തര്‍ ഇബ്രാഹിമിനെ കര്‍ണ്ണാടകയില്‍ വച്ചാണ് കുമ്പള പൊലീസ് ഇന്‍സ്‌പെക്ടര്‍ ടി കെ മുകുന്ദന്‍, എസ് ഐ കെ ശ്രീജേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. കാസര്‍കോട്ടെത്തിച്ച പ്രതിയെ രഹസ്യ കേന്ദ്രത്തില്‍ വച്ച് ചോദ്യം ചെയ്തുവരുന്നു. അറസ്റ്റു രേഖപ്പെടുത്തുന്നതോടെ മറ്റു നിരവധി കവര്‍ച്ചാ കേസുകള്‍ക്ക് തുമ്പാകുമെന്നാണ് പൊലീസിന്റെ കണക്കു കൂട്ടല്‍.
ഞായറാഴ്ച വൈകുന്നേരം ആറിനും രാത്രി എട്ടുമണിക്കും ഇടയിലാണ് ചൈത്രയുടെ വീട്ടില്‍ കവര്‍ച്ച നടന്നത്. ചൈത്രയും കുടുംബവും ഉത്സവം കാണാന്‍ പോയ സമയത്ത് വീടിന്റെ പിന്‍ഭാഗത്തെ വാതില്‍ തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്തു കടന്ന് അലമാരയില്‍ ഉണ്ടായിരുന്ന ആഭരണങ്ങളും പണവും കവര്‍ന്നത്.
നായ്ക്കാപ്പിലും പരിസരത്തുമുള്ള നിരവധി സി സി ടി വി ക്യാമറകളിലെ ദൃശ്യങ്ങള്‍ പരിശോധിച്ചാണ് അന്വേഷണ സംഘം കവര്‍ച്ചക്കാരനെ തിരിച്ചറിഞ്ഞത്. ഒരാള്‍ അലക്ഷ്യമായി ബൈക്കില്‍ സഞ്ചരിക്കുന്ന ദൃശ്യങ്ങളാണ് പൊലീസ് കണ്ടെത്തിയത്. വീട്ടില്‍ നിന്നു ലഭിച്ച വിരലടയാളങ്ങളും പ്രതിയെ തിരിച്ചറിയാന്‍ നിര്‍ണ്ണായകമായി. അഞ്ചു ദിവസത്തിനുള്ളിലാണ് നാടിനെ നടുക്കിയ കൊള്ളക്കേസിലെ പ്രതിയെ കണ്ടെത്താന്‍ പൊലീസിനു കഴിഞ്ഞത്. ഇത് പൊലീസിനു അഭിമാനമായി. 2024 ഫെബ്രുവരി ഏഴിന് എന്‍മകജെ, പെര്‍ളയില്‍ നിന്നു പത്തു കിലോമീറ്റര്‍ അകലെയുള്ള കര്‍ണ്ണാടക ബാങ്കിന്റെ അഡ്യനടുക്ക ശാഖ കൊള്ളയടിച്ച കേസിലെ മുഖ്യപ്രതികളില്‍ ഒരാളാണ് നായ്ക്കാപ്പ് കൊള്ളക്കേസിലെ പ്രതിയായ ഇബ്രാഹിം കലന്തര്‍. ഇയാളെയും സുള്ള്യ കൊയിലയിലെ റഫീഖ് എന്ന ഗൂഡിനബെളി റഫീഖ്, പൈവളിഗെ ബായാറിെല ദയാനന്ദ എന്നിവരെയും അന്നു വിട്‌ല പൊലീസ് സാഹസികമായി പിടികൂടിയിരുന്നു. സംഭവ ദിവസം രാത്രി സിഫ്റ്റ് കാറില്‍ എത്തിയ കൊള്ള സംഘം അഡ്യനടുക്ക ബാങ്കിന്റെ പിന്‍വശത്തുള്ള ജനലിന്റെ ഇരുമ്പു കമ്പി മുറിച്ച് അകത്ത് കടന്ന് ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് ലോക്കര്‍ തകര്‍ത്താണ് സ്വര്‍ണ്ണവും പണവും കൊള്ളയടിച്ചത്. അന്നും സി സി ടി വി ദൃശ്യങ്ങളാണ് കൊള്ളക്കാരെ കുടുക്കിയത്.







