കാസര്‍കോട്: പുഴമണല്‍ ചാക്കുകളില്‍ നിറച്ചു കടത്തുകയായിരുന്ന ടാറ്റാ എയ്‌സ് വാഹനത്തെ പൊലീസ് പിന്തുടര്‍ന്ന് പിടികൂടി. വാഹനത്തില്‍ ഉണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെട്ടു. സംഭവത്തില്‍ കോയിപ്പാടി, ബദ്‌രിയ്യ നഗറിലെ കെ സെഡ് തഹ്‌നൂന്‍, കൂടെ ഉണ്ടായിരുന്ന ജുനൈദ് എന്നിവര്‍ക്കെതിരെ കുമ്പള പൊലീസ് കേസെടുത്തു.
ബുധനാഴ്ച രാത്രി 10.40 മണിയോടെയാണ് സംഭവം. കുമ്പള, എസ് ഐ കെ ശ്രീജേഷ്, എ എസ് ഐ സുരേഷ്, സി പി ഒ സന്ദീപ് എന്നിവര്‍ രാത്രികാല പട്രോളിംഗ് നടത്തുകയായിരുന്നു. ഇതിനിടയിലാണ് മൊഗ്രാല്‍ പുഴയില്‍ നിന്നു അനധികൃതമായി മണല്‍ കടത്തുന്നുണ്ടെന്ന വിവരം ലഭിച്ചതെന്നു പൊലീസ് പറഞ്ഞു.
തുടര്‍ന്ന് പൊലീസ് സംഘം മൊഗ്രാല്‍ നാഷണല്‍ നഗറില്‍ എത്തി. ഈ സമയത്ത് മൊഗ്രാല്‍ ഭാഗത്തേക്ക് ടാറ്റ എയ്ഡ് വാഹനം പോകുന്നതു കണ്ടുവെന്നും കൈകാണിച്ചപ്പോള്‍ നിര്‍ത്താതെ പോവുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
പിന്തുടര്‍ന്നപ്പോള്‍ വാഹനം മൊഗ്രാല്‍ പുത്തൂരില്‍ നിര്‍ത്തി അതിനകത്തുണ്ടായിരുന്ന രണ്ടുപേരും ഓടി രക്ഷപ്പെടുകയായിരുന്നുവെന്നു കൂട്ടിച്ചേര്‍ത്തു. വാഹനവും മണലും പൊലീസ് കസ്റ്റഡിയിലെടുത്തു.







