ബെംഗളുരു: ഉഡുപ്പി ശ്രീകൃഷ്ണ മഠം ഉത്സവ ഘോഷയാത്രയില്‍ കലക്ടര്‍ ടി.കെ.സ്വരൂപ കാവി പതാകയേന്തിയ സംഭവം വിവാദമാകുന്നു. കലക്ടര്‍ക്കെതിരെ കര്‍ശന നടപടി എടുക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി മുഖ്യമന്ത്രി സിദ്ധരാമയ്യയോട് ആവശ്യപ്പെട്ടു. ബിജെപി ഉഡുപ്പി എംഎല്‍എ യശ്പാല്‍ സുവര്‍ണ ആര്‍.എസ്.എസ് പതാകയാണ് കലക്ടര്‍ക്ക് കൈമാറിയതെന്നാണ് ഡിസിസി ഭാരവാഹി ഹരീഷ് ഷെട്ടി ആരോപിച്ചു.
18ന് രാവിലെ ഷിരൂര്‍ മഠാധിപതി വേദവര്‍ധന തീര്‍ഥ സ്വാമിയുടെ നഗരപ്രവേശന ഘോഷയാത്ര ഉദ്ഘാടനം ചെയ്താണ് കലക്ടര്‍ കാവി പതാകയേന്തിയത്. സംഭവം വിവാദമായതോടെ വിശദീകരണവുമായി കലക്ടര്‍ രംഗത്തെത്തി. രാഷ്ട്രീയ പരിപാടിയായിരുന്നില്ലെന്നും ഔദ്യോഗിക കൃത്യനിര്‍വഹണത്തിന്റെ ഭാഗമായാണ് പങ്കെടുത്തതെന്നുമാണ് കലക്ടറുടെ വിശദീകരണം. 2026-28 വരെ ഉഡുപ്പി ശ്രീകൃഷ്ണ ക്ഷേത്രത്തിന്റെ ഭരണച്ചുമതല ഷിരൂര്‍ മഠത്തിനു കൈമാറുന്നതിന്റെ കൂടി ഭാഗമായായിരുന്നു ചടങ്ങ്. എട്ട് മഠങ്ങള്‍ മാറിമാറിയാണ് ക്ഷേത്രത്തിന്റെ ഭരണച്ചുമതല നിര്‍വഹിക്കുന്നത്.
സംഭവം വിവാദമായതിന് പിന്നാലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഹിന്ദു വിരുദ്ധത ഉയര്‍ത്തുന്നുവെന്നാരോപിച്ച് ബിജെപിയും രംഗത്തെത്തിയിട്ടുണ്ട്. കലക്ടര്‍ കാവി പതാക വീശുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്.







