തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ദേവസ്വം വകുപ്പ് മന്ത്രി വി.എൻ വാസവൻ രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നടത്തിയ നിയമസഭാ മാർച്ചിൽ വൻ സംഘർഷം. പൊലീസ് നിരവധി തവണ ജലപീരങ്കിയും കണ്ണീർ വാതകവും പ്രയോഗിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. പൊലിസ് വാഹനത്തിനു നേരെ കല്ലേറും ഉണ്ടായിരുന്നു.
മാർച്ചിൽ സംഘർഷ സാധ്യത ഉണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗം നേരത്തെ റിപ്പോർട് ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് കനത്ത ബന്തവസാണ് ഒരുക്കിയിരുന്നത്. നിയമസഭാ ഗേറ്റിൽ നിന്നു മാറി റോഡിൽ ഇരട്ട ബാരികേഡ് സ്ഥാപിച്ചാണ് സുരക്ഷ ഒരുക്കിയത് . മാർച്ച് ബാരികേഡിനു സമീപത്ത് എത്തിയപ്പോൾ പ്രവർത്തകർ അക്രമാസക്തരായി. ബാരിക്കേഡ് മറിച്ചിടാനും മുകളിൽ കയറാനും ശ്രമം ഉണ്ടായി. ഇതോടെ ജല പീരങ്കി പ്രയോഗിച്ചു. നൂറു കണക്കിനു പ്രവർത്തകർ മാർച്ചിൽ പങ്കെടുത്തു.







