കാസര്‍കോട്: കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങുന്നതിനിയില്‍ കയര്‍പൊട്ടി 80 അടി താഴ്ചയുള്ള കിണറില്‍ വീണ തൊഴിലാളിയെ ഫയര്‍ഫോഴ്‌സ് രക്ഷപ്പെടുത്തി. കാലിലും തോളിലും പരിക്കേറ്റ അബ്ദുല്‍ റഹ്‌മാന്‍ (52) എന്നയാളെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാവിലെ ചെങ്കള പഞ്ചായത്തിലെ 15-ാം വാര്‍ഡിലെ ചേരൂരിലാണ് അപകടം. സുലൈമാന്‍ എന്ന ആളുടെ 80 അടി താഴ്ചയുള്ള കിണര്‍ വൃത്തിയാക്കുന്നതിന് ഇറങ്ങുകയായിരുന്നു അബ്ദുല്‍ റഹ്‌മാന്‍. ഇതിനിടയില്‍ കയര്‍പൊട്ടി കിണറിലേയ്ക്ക് വീഴുകയായിരുന്നു.
മുകളില്‍ ഉണ്ടായിരുന്നവര്‍ ഫയര്‍ ഫോഴ്‌സിനെ വിവരം അറിയിച്ചു. സീനിയര്‍ ഫയര്‍ ആന്റ് റെസ്‌ക്യു ഓഫീസര്‍ സണ്ണി ഇമ്മാനുവലിന്റെ നേതൃത്വത്തില്‍ ഫയര്‍ഫോഴ്‌സ് സ്ഥലത്തേയ്ക്ക് കുതിച്ചെത്തി. ഫയര്‍ആന്റ് റെസ്‌ക്യു ഓഫീസര്‍ ഗോകുല്‍ കൃഷ്ണന്‍ കിണറ്റിലിറങ്ങി റിംഗ് നെറ്റിന്റെ സഹായത്തോടെയാണ് അബ്ദുല്‍ റഹ്‌മാനെ പുറത്തെത്തിച്ചത്. ഫയര്‍ഫോഴ്‌സ് സംഘത്തില്‍ സീനിയര്‍ ഫയര്‍ ആന്റ് റെസ്‌ക്യു ഓഫീസര്‍ എം രമേശ, കെ ആര്‍ അജേഷ്, ഹോംഗാര്‍ഡുമാരായ വിജിത്ത് നാഥ്, സുഭാഷ്, സോബിന്‍ എന്നിവരും ഉണ്ടായിരുന്നു.







