ജയ്പൂര്‍: മകളുടെ വിവാഹത്തിന്റെ ക്ഷണക്കത്ത് കളറാക്കാന്‍ പിതാവ് 25 ലക്ഷം രൂപ ചെലവിട്ടു. ജയ്പൂര്‍ സ്വദേശിയായ ശിവ് ജോഹ്‌റിയാണ് മകള്‍ ശ്രുതി ജോഹ്‌റിയുടെ വിവാഹത്തിന്റെ ക്ഷണക്കത്ത് ഒരു ആണിയോ സ്‌ക്രൂവോ ഒന്നും ഉപയോഗിക്കാതെ പൂര്‍ണമായും വെള്ളിയില്‍ തയ്യാറാക്കിയത്. ജ്വല്ലറി ഉടമയാണ് ശിവ് ജോഹ്‌റി.
ഒരു വര്‍ഷം സമയം ചെലവിട്ടാണ് മൂന്നു കിലോ വെള്ളിയില്‍ ക്ഷണക്കത്ത് കൊത്തിയെടുത്തത്. വെള്ളി കൊണ്ട് നിര്‍മിച്ചു എന്നത് മാത്രമല്ല കത്തിന്റെ പ്രത്യേകത. അതിന്റെ ഡിസൈനും വളരെ ആകര്‍ഷകമാണ്. വധു ശ്രുതി ജോഹ് റിയുടേയും വരന്‍ ഹര്‍ഷ് സോണിയുടെയും പേരുകള്‍ കൊത്തിയെടുത്ത ശേഷം പൂക്കള്‍ വിതറുന്ന ആനകളെയും വെള്ളിയില്‍ തന്നെ കൊത്തിയെടുക്കുകയായിരുന്നു.
8 ഇഞ്ച് നീളവും 6.5 ഇഞ്ച് വീതിയുമുള്ള ബോക്‌സ് ശൈലിയിലുള്ള ക്ഷണപത്രം കൊത്തിയെടുക്കാന്‍ 128 വെള്ളി പാളികള്‍ വേണ്ടി വന്നുവെന്ന് ശിവ് ജോഹ്‌റി പറഞ്ഞു. പരമ്പരാഗത ശൈലിയിലുള്ള ഗണപതിയുടെ രൂപവും, 65 ദേവതകളുടെ രൂപങ്ങളും വിവാഹ ക്ഷണക്കത്തില്‍ കൊത്തിയെടുത്തിട്ടുണ്ട്. മകളുടെ വിവാഹത്തിന് ബന്ധുക്കളെ മാത്രമല്ല, എല്ലാ ദേവീദേവന്മാരെയും ക്ഷണിക്കണമെന്ന ആഗ്രഹത്തോടെയാണ് എല്ലാവരേയും ക്ഷണക്കത്തില്‍ കൊത്തിവച്ചത്.
പരമ്പരാഗത ക്ഷണക്കത്തിലെന്നപോലെ, വധുവിന്റെയും വരന്റെയും മാതാപിതാക്കളുടെയും കുടുംബത്തിന്റെ പേരുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. മകള്‍ക്ക് തലമുറകള്‍ കടന്ന് നില്‍ക്കുന്ന രീതിയിലുള്ള ഒരു വിവാഹ സമ്മാനമെന്ന നിലയിലാണ് ഇത്തരത്തിലൊരു ക്ഷണക്കത്ത് തയ്യാറാക്കിയതെന്ന് പിതാവ് ശിവ് ജോഹ്‌റി പറഞ്ഞു. ക്ഷണക്കത്ത് സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.







