ചൂതാട്ടം നടത്തി ലക്ഷങ്ങളുടെ കടക്കാരനായി; പണം ചോദിച്ച് കൊടുക്കാത്ത വിരോധത്തില്‍ പിതൃസഹോദരനെയും ഭാര്യയെയും വിഷം കുത്തി വച്ച് കൊന്ന ഡോക്ടര്‍ അറസ്റ്റില്‍

മംഗളൂരു:പണം കടം കൊടുക്കാത്ത വിരോധത്തില്‍ പിതൃസഹോദരനെയും ഭാര്യയെയും വിഷം കുത്തി വച്ച് കൊലപ്പെടുത്തിയ ഡോക്ടര്‍ അറസ്റ്റില്‍. ഷിമോഗ, ഭൂതനഗുഡിയിലെ ഡോ. മല്ലേഷി (35)നെയാണ് ഷിമോഗ പൊലീസ് അറസ്റ്റ് ചെയ്തത്. മല്ലേഷിന്റെ പിതൃസഹോദരനായ ചന്ദ്രപ്പ, ഇദ്ദേഹത്തിന്റെ ഭാര്യ ജയമ്മ എന്നിവരെ കൊലപ്പെടുത്തിയ കേസിലാണ് അറസ്റ്റ്.
ഓണ്‍ലൈനിലും അല്ലാതെയും ചൂതാട്ടം നടത്തി വലിയ കടക്കെണിയിലായ ഡോ. മല്ലേഷ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നുവെന്നു പറയുന്നു. സുഹൃത്തുക്കളില്‍ നിന്നടക്കം വലിയ തുക കടം വാങ്ങിയായിരുന്നു ചൂതാട്ടത്തില്‍ ഏര്‍പ്പെട്ടിരുന്നത്. കടം നല്‍കിയവര്‍ പണം തിരികെ ചോദിച്ചു തുടങ്ങിയതോടെ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നു ഡോക്ടര്‍. ഇതിനിടയില്‍ പിതാവിന്റെ മൂത്ത സഹോദരനായ ചന്ദ്രപ്പയോട് പണം ആവശ്യപ്പെട്ടു. ഇതിനു തയ്യാറാകാതെ വന്നതോടെയാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം ചന്ദ്രപ്പയുടെ വീട്ടിലെത്തിയ മല്ലേഷ് ഇരുവരുടെയും ആരോഗ്യ നിലയെക്കുറിച്ച് ചോദിച്ചു. സംശയങ്ങളൊന്നും തോന്നാത്തതിനാല്‍ നിലവില്‍ കഴിച്ചു കൊണ്ടിരിക്കുന്ന മരുന്നുകളുടെ ലിസ്റ്റ് ചന്ദ്രപ്പ കാണിച്ചു കൊടുത്തു. കുറിപ്പുകള്‍ പരിശോധിച്ച ശേഷം ഇത്രയും മരുന്നുകള്‍ കഴിക്കേണ്ട കാര്യമില്ലെന്നും ഒരു ഇഞ്ചക്ഷന്‍ എടുത്താല്‍ മതിയെന്നും ഉപദേശിച്ചു. അതിനു തയ്യാറായതോടെ ചന്ദ്രപ്പയ്ക്കും ജയമ്മയ്ക്കും ഇഞ്ചക്ഷന്‍ നല്‍കി. ഉടന്‍ ഇരുവരും മരണപ്പെട്ടു. ഇതിനു ശേഷം ഒന്നും അറിയാത്ത പോലെ ഡോ. മല്ലേഷ് പ്രസ്തുത വീട്ടില്‍ നിന്നു ഇറങ്ങിപ്പോവുകയും ചെയ്തു. എന്നാല്‍ അകലെ താമസിക്കുന്ന മക്കള്‍ ചന്ദ്രപ്പയെയും ജയമ്മയെയും പലതവണ ഫോണ്‍ ചെയ്തിട്ടും പ്രതികരണം ഉണ്ടായില്ല. സംശയം തോന്നി മക്കള്‍ വീട്ടില്‍ എത്തിയപ്പോഴാണ് ഇരുവരെയും മരിച്ച നിലയില്‍ കാണപ്പെട്ടത്. വിവരം ഉടന്‍ പൊലീസിനെ അറിയിച്ചു. വിവരമറിഞ്ഞ് നാട്ടുകാരും ബന്ധുക്കളും ഉള്‍പ്പെടെ നിരവധി പേര്‍ വീട്ടില്‍ എത്തിയെങ്കിലും ഡോ. മല്ലേഷ് മാത്രം എത്തിയില്ല. ഇതു സംശയത്തിനു ഇടയാക്കി. ശരീരത്തില്‍ വിഷം കുത്തിവച്ചതാണ് മരണകാരണമായതെന്നായിരുന്നു പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ഡോ. മല്ലേഷിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് ഇരട്ടക്കൊലപാതകത്തിന്റെ ചുരുളഴിഞ്ഞതും പ്രതിയെ അറസ്റ്റു ചെയ്തതും. സി സി ടി വി ദൃശ്യങ്ങളും നിര്‍ണ്ണായകമായി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page