കൊച്ചി: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് കേരള രാഷ്ട്രീയത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പുമായി ബി ജെ പി നേതൃത്വം. ട്വന്റി 20 എന്‍ ഡി എയ്‌ക്കൊപ്പം ചേര്‍ന്നതാണ് നിര്‍ണായകമായത്. ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറും ട്വന്റി 20 പാര്‍ട്ടി അധ്യക്ഷന്‍ സാബു എം ജേക്കബും തമ്മില്‍ കൊച്ചിയില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് നിര്‍ണായക തീരുമാനമുണ്ടായത്.
വാര്‍ത്താസമ്മേളനത്തില്‍ രാജീവ് ചന്ദ്രശേഖര്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ട്വന്റി 20 ബി ജെ പി മുന്നണിയിലെത്തുന്നത് എറണാകുളത്ത് വലിയ ഗുണം ചെയ്യുമെന്നാണ് ബി ജെ പിയുടെ കണക്കുകൂട്ടല്‍. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ സ്വാധീനം വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ള ബിജെപിയുടെ ഈ നീക്കം സംസ്ഥാനത്തെ രാഷ്ട്രീയ സമവാക്യങ്ങളില്‍ വലിയ മാറ്റങ്ങള്‍ക്ക് വഴിവെച്ചേക്കാം.
പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ തിരുവനന്തപുരത്തെത്തുമ്പോള്‍ സാബു ജേക്കബും വേദിയിലുണ്ടാകും. അമിത് ഷാ കേരളത്തില്‍ എത്തിയപ്പോള്‍ സാബുവുമായി ചര്‍ച്ച നടത്തിയിരുന്നു. ഇതിനൊപ്പം രാജീവ് ചന്ദ്രശേഖറും ട്വന്റി 20 യെ എന്‍ ഡി എ മുന്നണിയിലെത്തിക്കാനായി നീക്കം ശക്തമായിരുന്നു. ഇതിനെ തുടര്‍ന്നാണ് നിര്‍ണായക തീരുമാനം.







