അബുദാബി: യുഎഇയില്‍ നിന്നു കേരളത്തിലേക്കുള്ള അവശേഷിച്ച എയര്‍ ഇന്ത്യ വിമാന സര്‍വീസ് നിര്‍ത്തലാക്കുന്ന വിവരം സ്ഥിരീകരിച്ച് കമ്പനി. മാര്‍ച്ച് 29 മുതല്‍ ദുബായില്‍ നിന്ന് കൊച്ചിയിലേക്കും ഹൈദരാബാദിലേക്കുമുള്ള സര്‍വീസ് നിര്‍ത്തലാക്കിയതായാണ് അധികൃതര്‍ വെളിപ്പെടുത്തിയത്. വിമാന കമ്പനിയുടെ വേനല്‍ക്കാല സമയവിവര പട്ടികയില്‍ നിന്നു ഇതോടെ രണ്ടു സര്‍വീസുകളും അപ്രത്യക്ഷമായി.
ഹ്രസ്വദൂര സെക്ടറുകളില്‍ നിന്ന് എയര്‍ ഇന്ത്യ വിമാനം പിന്‍വലിച്ച് ദീര്‍ഘദൂര സെക്ടറുകളില്‍ വിന്യസിപ്പിക്കുകയാണെന്നാണു കമ്പനി അധികൃതര്‍ നല്‍കിയ വിശദീകരണം. പിന്‍വലിച്ച രണ്ടു സെക്ടറുകളിലും ബജറ്റ് എയര്‍ലൈനായ എയര്‍ ഇന്ത്യാ എക്‌സ്പ്രസ് സര്‍വീസ് നടത്തും.
ദുബായ്-കൊച്ചി സെക്ടറില്‍ നിന്നു എയര്‍ ഇന്ത്യ നിര്‍ത്തലാക്കുന്നതു പ്രവാസി മലയാളികളെ സംബന്ധിച്ച് തിരിച്ചടിയാണ്.







