തിരുവനന്തപുരം: കമ്യൂണിസത്തിനും കമ്യൂണിസ്റ്റുകള്‍ക്കും മാതൃകയായി പാര്‍ട്ടി ജനറല്‍ സെക്രട്ടറി എം.എ ബേബി. പാര്‍ട്ടിയുടെ ഗൃഹസന്ദര്‍ശന പരിപാടിക്കിടയില്‍ ഒരു വീട്ടില്‍ നിന്ന് ഭക്ഷണം കഴിച്ച അദ്ദേഹം താന്‍ ഭക്ഷണം കഴിച്ച പാത്രം സ്വയം കഴുകി വച്ചതിന് സമൂഹ മാധ്യമങ്ങള്‍ വ്യാപകമായി പരിഹസിച്ചിരുന്നു. ഇതിനു മറുപടിയും ഭര്‍ത്താവിന് പിന്തുണയുമായി എം.എ ബേബിയുടെ ഭാര്യ ബെറ്റി ലൂയിസ് സമൂഹ മാധ്യമങ്ങളില്‍ തന്നെ രംഗത്തുവന്നു – ‘ഞങ്ങള്‍ സഖാക്കള്‍ ഇങ്ങനെയൊക്കെയാണ്, പാത്രങ്ങള്‍ സ്വയം കഴുകി വെക്കും, ഞങ്ങള്‍ക്കതില്‍ അഭിമാനമേ ഉള്ളൂ, അവര്‍ പറഞ്ഞു.
ഏ കെ ജി സെന്ററിലും, ഏ കെ ജി ഭവനിലും, ജില്ലാ കമ്മിറ്റി ഓഫീസുകളിലും മെസ്സില്‍ നിന്നും ഭക്ഷണം കഴിച്ചശേഷം അവരവര്‍ കഴിച്ച പാത്രങ്ങള്‍ സഖാക്കള്‍ സ്വയം കഴുകി വെക്കുന്നത് പതിവാണ്. ബേബി സ്വന്തം വീട്ടിലും അടുപ്പമുള്ള മറ്റു സ്ഥലങ്ങളിലും അങ്ങിനെതന്നെ ചെയ്യുന്നു. ഞങ്ങള്‍ക്കതില്‍ അഭിമാനമേയുള്ളൂ. ഞങ്ങളുടെ വീടുകളില്‍ സഹായത്തിന് ആരുമില്ലാത്തപ്പോള്‍ എനിക്കോ ചിഞ്ചുവിനോ ആവലാതി ഇല്ല. ഞങ്ങള്‍ അറിയാതെയും പറയാതെയും വീട്ടിലുള്ള മറ്റുള്ളവരും അവരുടെ പാത്രങ്ങള്‍ നല്ല വൃത്തിയായി തന്നെ കഴുകി വെക്കുന്നുണ്ട്- മറുപടിയില്‍ അവര്‍ ചൂണ്ടിക്കാട്ടി. ഇതില്‍ ഞങ്ങള്‍ക്കെല്ലാവര്‍ക്കും അഭിമാനമേ ഉള്ളൂ.
ഞങ്ങളുടെ വിവാഹത്തിന് ശേഷം അടുത്ത കൂട്ടുകാരനായ ജെ ബി മോഹനന്റെ തിരുവനന്തപുരത്തെ വീട്ടില്‍ പോയപ്പോള്‍, അദ്ദേഹത്തിന്റെ അച്ഛന്‍ ഔവര്‍ കോളേജിന്റെ സ്ഥാപകരില്‍ ഒരാളായ ബാലകൃഷ്ണന്‍ നായര്‍ സര്‍ പറഞ്ഞത് ഈ അവസരത്തില്‍ ഓര്‍ത്തുപോകുന്നു. അദ്ദേഹം ആദ്യമായി ബേബിയെ കാണുന്നത് അന്ന് പാളയത്ത് പ്രവര്‍ത്തിച്ചിരുന്ന സി പി ഐ എമ്മിന്റെ സംസ്ഥാന കമ്മിറ്റി ഓഫീസിലേക്ക് ചെന്നപ്പോഴായിരുന്നു. ബേബി അപ്പോള്‍ ചൂല് കൊണ്ട് പാര്‍ട്ടി ഓഫീസ് തൂത്തു വൃത്തിയാക്കുകയായിരുന്നു. എസ് എഫ് ഐ യുടെ സംസ്ഥാന പ്രസിഡന്റ് ആയിരിക്കെ ആയിരുന്നു അത്. അതുകൊണ്ട് തന്നെ അദ്ദേഹത്തിന് ബേബിയോട് ഒരു പ്രത്യേക വാത്സല്യമായിരുന്നു.
ഇങ്ങനെ പരിഹസിക്കുന്നവര്‍ ഒന്നോര്‍ക്കുക…നിങ്ങള്‍ക്ക് ആദര്‍ശമെന്നാല്‍ അഭിനയമാണ്… നിങ്ങള്‍ നിങ്ങളെ പോലെയാണ് മറ്റുള്ളവരും എന്ന് കരുതുന്നു…
ഞങ്ങള്‍ ഗൃഹസന്ദര്‍ശനം എന്ന ക്യാമ്പയിനിന്റെ ഭാഗമായി ഇനിയും വീടുകള്‍ കയറിയിറങ്ങും…നിങ്ങളുടെ കാപട്യങ്ങള്‍ മനസ്സിലാക്കി സത്യം ജനങ്ങളെ ബോധ്യപ്പെടുത്തും… എന്നും ബെറ്റി ലൂയിസ് തന്റെ പോസ്റ്റില്‍ പറയുന്നു.







