സിംഗപ്പൂര്‍: ഭര്‍ത്താവ് ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചെന്ന പരാതിയില്‍ യുവതിക്ക് പൊലീസ് സംരക്ഷണം നല്‍കാന്‍ കുടുംബ കോടതിയുടെ ഉത്തരവ്. ഉഭയസമ്മതപ്രകാരമുള്ള ലൈംഗിക ബന്ധമാണുണ്ടായതെന്ന ഭര്‍ത്താവിന്റെ വാദം തള്ളിയാണ് കോടതിയുടെ ഉത്തരവ്. ഭര്‍ത്താവിന് യുവതിയുടെ മുറിയിലേക്ക് പ്രവേശിക്കുന്നതിനും കോടതിയുടെ വിലക്കുണ്ട്. രണ്ട് പെണ്‍മക്കളുള്ള ദമ്പതികളുടെ വിവാഹമോചന നടപടികള്‍ പുരോഗമിക്കുന്നതിനിടെയാണ് കോടതിയുടെ ഭാഗത്തുനിന്ന് വിചിത്ര ഇടപെടലുണ്ടായത്.
ഭര്‍ത്താവില്‍ നിന്ന് സംരക്ഷണം, ഒഴിപ്പിക്കല്‍, ചികിത്സാ ചെലവുകള്‍ എന്നിവയും യുവതി ആവശ്യപ്പെട്ടു. 2025 മെയ് 28നാണ് പരാതിക്കിടയാക്കിയ സംഭവം ഉണ്ടായത്. താന്‍ ലൈംഗിക പീഡനത്തിനിരയായി, മാനസികമായി തകര്‍ന്നു എന്നും യുവതി കോടതിയില്‍ പറഞ്ഞു. ദിവസങ്ങളായി ശരിയായി ഭക്ഷണം കഴിക്കുകയോ നന്നായി ഉറങ്ങുകയോ ചെയ്തിട്ടില്ല, ഉറങ്ങാനായി മദ്യത്തെ ആശ്രയിക്കേണ്ടി വന്നുവെന്നും യുവതി പറഞ്ഞു.
തന്നോട് മദ്യം കഴിക്കരുതെന്ന് ഭര്‍ത്താവ് നിരന്തരം ആവശ്യപ്പെട്ടു. കുട്ടികളുടെ മുന്നില്‍ മദ്യപിക്കുന്നത് ശരിയല്ലെന്ന് കണ്ടും മതവിശ്വാസങ്ങള്‍ക്ക് എതിരായതിനാലും ഇക്കാര്യം സമ്മതിച്ചു. അന്ന് ഭര്‍ത്താവില്‍ നിന്ന് അകന്ന് കിടക്കുമ്പോള്‍ സമ്മതമില്ലാതെ കെട്ടിപ്പിടിക്കുകയും പീഡിപ്പിക്കുകയും ചെയ്തു. മക്കളെ കരുതി നിലവിളിച്ചില്ല. ആവര്‍ത്തിച്ച് എതിര്‍ത്തിട്ടും അയാള്‍ ലൈംഗികമായി പീഡിപ്പിച്ചു എന്നും യുവതി പറഞ്ഞു.
ഇത് തന്നെ വല്ലാതെ ബാധിച്ചു. വിഷാദത്തിലായ തനിക്ക് ജോലി ചെയ്യാന്‍ കഴിയുന്നില്ലെന്നും യുവതി കോടതിയെ ധരിപ്പിച്ചു. തുടര്‍ന്നാണ് കോടതി പൊലീസ് സംരക്ഷണം നല്‍കാന്‍ ഉത്തരവിട്ടത്. ദമ്പതികളോട് കൗണ്‍സിലിംഗില്‍ പങ്കെടുക്കാനും കോടതി നിര്‍ദേശിച്ചു.







