മംഗളൂരു; രണ്ട് വാഹനങ്ങളിലായി കടത്തുകയായിരുന്ന 106 കിലോ കഞ്ചാവ് പുത്തൂർ റൂറൽ പൊലീസ്പിടികൂടി. ബെൽത്തങ്ങാടി ചാർമാഡിയിലെ പി.റഫീഖ്(37), അബ്ദുൾ സാദിഖ് (37) എന്നിവരെ അറസ്റ്റ് ചെയ്തു. വാഹനത്തിൽ കഞ്ചാവ് കടത്തുന്നുണ്ടെന്ന വിവരത്തെ തുടർന്നു പടുവണ്ണൂർ സജൻകടിയിൽ പൊലീസ് നടത്തിയ വാഹന പരിശോധനക്കിടയിൽ റഫീഖ് ഓടിച്ചിരുന്ന കാറിനുള്ളിൽ നിന്നു പ്ലാസ്റ്റിക് കവറിൽ നിറച്ച 100 ഗ്രാം ഭാരമുള്ള കഞ്ചാവ് ഇലകൾ, പൂക്കൾ, വിത്തുകൾ എന്നിവ കണ്ടെത്തി. സാദിഖ് സഞ്ചരിച്ചിരുന്ന ചരക്ക് വാഹനം പരിശോധിച്ചപ്പോൾ 106 കിലോയും 60 ഗ്രാമും ഭാരമുള്ള 73 കെട്ടുകൾ കഞ്ചാവ് കണ്ടെടുത്തു. പിടിച്ചെടുത്ത കഞ്ചാവിനു 53.03 ലക്ഷം രൂപ വിലവരുമെന്നു പൊലീസ് പറഞ്ഞു. കേരളം, മംഗളൂരു, ദക്ഷിണ കന്നട ജില്ല എന്നിവിടങ്ങളിൽ വിൽപ്പനക്കായി കഞ്ചാവ് കടത്തുകയായിരുന്നുവെന്ന് പ്രതികൾ സമ്മതിച്ചതായി പൊലീസ് പറഞ്ഞു.പ്രതികളിൽ നിന്ന് കഞ്ചാവ് കൊണ്ടുപോകാൻ ഉപയോഗിച്ച രണ്ട് വാഹനങ്ങളും രണ്ട് മൊബൈൽ ഫോണുകളും പൊലീസ് പിടിച്ചെടുത്തു.കൂടുതൽ അന്വേഷണം നടന്നുവരികയാണ്. സബ് ഇൻസ്‌പെക്ടർ ഗുണപാല ജെ.യുടെ നേതൃത്വത്തിൽ ജീവനക്കാരായ ഹരീഷ്, ഹർഷിത്, പ്രശാന്ത്, അദ്രമ, പ്രശാന്ത് റായ്, പ്രവീൺ റായ്, ഭവിത് റൈ, നാഗരാജ്, സതീഷ്, രമേഷ്, സുബ്രമണി, വിനോദ് എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് നടത്തിയത്.








