നീലേശ്വരം: കാസര്‍കോട് സാംസ്‌കാരിക വേദി പെണ്‍കനല്‍ കൂട്ടായ്മയുടെ ‘പുതിയ കാലത്തിന്റെ പടയൊരുക്കം’ നൃത്ത സംഗീത ശില്‍പ്പം ശ്രദ്ധേയമായി. നീലേശ്വരം റോട്ടറി ക്ലബ് ഹാളില്‍ സി. അമ്പുരാജിന്റെ ‘നരിത്തലയുള്ള നാലണ’ പുസ്തക പ്രകാശന ചടങ്ങിലാണ് നൃത്ത സംഗീത ശില്‍പ്പത്തിന്റെ അരങ്ങേറ്റം നടന്നത്. പുതിയ കാലത്തിന്റെ വെല്ലുവിളികളെ അതിജീവിക്കാനും വര്‍ഗീയ-ഫാസിസ്റ്റ് ശക്തികളില്‍ നിന്ന് ഇന്ത്യയെ രക്ഷിക്കാനുമുള്ള ഉണര്‍ത്തുപാട്ടാണ് സംഗീതശില്‍പം.
30 മിനുട്ട് ദൈര്‍ഘ്യമുള്ള സംഗീത ശില്‍പ്പത്തിന്റെ രചന നിര്‍വഹിച്ചത് വിപ്ലവ കവി എം എം സജീന്ദ്രനാണ്. ഭരതന്‍ പിലിക്കോട്, പാട്ടത്തില്‍ രാമചന്ദ്രന്‍ എന്നിവരാണ് പരിശീലനം നല്‍കി ചിട്ടപ്പെടുത്തിയത്. കൂട്ടായ്മയുടെ പ്രസിഡന്റ് മൃദുലാ ബായ്, പി.പി. ശ്രീജ പാലത്തേര, ഷീജ മാണിയാട്ട്, സിന്ധു രതീഷ്, പി.പി ശോഭ കുഞ്ഞിപ്പാറ, ഷീബ വലിയപൊയില്‍, ജസിത തിമിരി, ഉഷാകുമാരി മാണിയാട്ട്, ഹേമലത പുതിയകണ്ടം, ബിജിത മനോജ് തിമിരി എന്നിവരാണ് അഭിനയ പാടവത്തിന്റെ വിസ്മയം തീര്‍ത്തത്.







