കാസര്‍കോട്: ഹൊസങ്കടിയിലെ ലോഡ്ജിലെ മുറിയില്‍ അതിക്രമിച്ചുകയറി യുവാവിനേയും പെണ്‍സുഹൃത്തിനേയും ഒന്നിച്ചിരുത്തി നഗ്‌നചിത്രമെടുത്ത് ഭീഷണിപ്പെടുത്തി ഫോണും പണവും തട്ടിയെടുത്ത കേസില്‍ ഒരാളെ മഞ്ചേശ്വരം പൊലീസ് അറസ്റ്റുചെയ്തു. മഞ്ചേശ്വരം പിരാരമൂല സ്വദേശിയും കടമ്പാറില്‍ താമസക്കാരനുമായ ആരിസ്(40) ആണ് പിടിയിലായത്. മംഗളൂരുവില്‍ വച്ചാണ് ഇയാളെ ഇന്‍സ്‌പെക്ടര്‍ പി അജിത്ത് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റുചെയ്തത്. പ്രതികള്‍ മംഗളൂരുവിലുണ്ടെന്ന വിവരത്തെ തുടര്‍ന്ന് വനിതാ പൊലീസ് അടക്കമുള്ള സംഘം ശനിയാഴ്ച രാത്രി അങ്ങോട്ട് പുറപ്പെട്ടിരുന്നു. പിടികൂടുന്നതിനിടെ ഒരാള്‍ രക്ഷപ്പെട്ടു. കഴിഞ്ഞ ബുധനാഴ്ചയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഉച്ചയ്ക്ക് 12 മണിയ്ക്ക് ഉള്ളാള്‍ മോണ്ടുഗുളിയിലെ മുഹമ്മദ് ഹനീഫ(40)യും പെണ്‍സുഹൃത്തും ഹൊസങ്കടിയിലെ ലോഡ്ജില്‍ മുറിയെടുത്തിരുന്നു. ഈ സമയത്ത് മൂന്നംഗസംഘം മുറിയിലേക്ക് അതിക്രമിച്ച് കയറുകയും യുവതിയേയും യുവാവിനേയും കട്ടിലില്‍ ഒന്നിച്ചിരുത്തി അര്‍ദ്ധനഗ്‌ന വീഡിയോകളും ഫോട്ടോകളും പകര്‍ത്തുകയുമായിരുന്നു. രണ്ടുലക്ഷം രൂപ നല്‍കിയില്ലെങ്കില്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ കൂടി വൈറലാക്കുമെന്ന് ഭീഷണിപ്പെടുത്തുകയും മൊബൈല്‍ ഫോണും 5000 രൂപയും തട്ടിയെടുത്തുവെന്നും പരാതിയില്‍ പറഞ്ഞു. അറസ്റ്റിലായ പ്രതിയെ ഞായറാഴ്ച ഉച്ചയോടെ കോടതിയില്‍ ഹാജരാക്കും.







