കണ്ണൂർ: ഒരു കോടിയുടെ മയക്കുമരുന്ന് കടത്തിയ കേസിൽ ജാമ്യത്തിൽ ഇറങ്ങിയ യുവതിയെ വാടക ക്വാർട്ടേഴ്സിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കക്കാട് പള്ളിമുക്കിൽ വാടക ക്വാർട്ടേഴ്സിൽ താമസിച്ചു വന്ന സിടി ബൾക്കീസ് (34)ആണ് മരിച്ചത്. ശനിയാഴ്ച്ച വൈകീട്ടാണ് സംഭവം. 2022ൽ കണ്ണൂരിലേക്ക് ബംഗളൂരുവിൽ നിന്നു ടൂറിസ്റ്റ് ബസിൽ ചുരിദാർ തുണിത്തരങ്ങളുടെ ഉള്ളിൽ എംഡിഎംഎ ഒളിപ്പിച്ചു കടത്തിയതിനാണ് ബൾക്കീസ് പിടിയിലായത്. പാർസൽ വഴി രണ്ട് കിലോയോളം എംഡിഎംഎയാണ് കടത്തിയത്. ഈ കേസിലെ ഒന്നാം പ്രതിയാണ് ബൾക്കീസ്. മൂന്ന് വർഷത്തിലധികം ജയിലിൽ കഴിഞ്ഞ പ്രതിക്ക് ഒക്ടോബറിലാണ് ജാമ്യം ലഭിച്ചത്.കാപ്പാട് സിപി സ്‌റ്റോറിലെ ഡാഫോഡില്‍സ് വില്ലയില്‍ താമസിക്കുന്ന അഫ്‌സലിൻ്റെ(38) ഭാര്യയാണ് ബൾക്കീസ്. അറസ്റ്റിലാകുമ്പോൾ ഇവർക്ക് കൈക്കുഞ്ഞുൾപ്പെടെ രണ്ട് കുട്ടികളുണ്ടായിരുന്നു. ബംഗളൂരുവിൽ നിന്ന് ടൂറിസ്റ്റ് ബസ്സുകളിൽ തുണിത്തരങ്ങൾ കൊണ്ടുവരുന്ന ബോക്സുകളിലാണ് എം.ഡി.എം.എയും ബ്രൗൺ ഷുഗറും കടത്തിയിരുന്നത്. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി.







