തൃശൂര്‍: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ കണ്ണൂര്‍ സ്വര്‍ണ്ണക്കപ്പ് നേടി. മത്സരം പൂര്‍ത്തിയാവും വരെ ഇഞ്ചോടിഞ്ചു പിടിച്ചു നിന്ന കഴിഞ്ഞ വര്‍ഷത്തെ ചാമ്പ്യന്മാരായ തൃശൂരിനു രണ്ടാംസ്ഥാനം ലഭിച്ചു.
കലോത്സവത്തിന്റെ തുടക്കം മുതല്‍ തന്നെ സ്വര്‍ണ്ണക്കപ്പ് പിടിച്ചെടുക്കുമെന്നു കണ്ണൂര്‍ ജില്ല പ്രതീതി സൃഷ്ടിച്ചിരുന്നു. ഓരോ മത്സരങ്ങള്‍ കഴിയുമ്പോഴും പോയിന്റ് നില അത്തരത്തിലായിരുന്നു. അതു കലാപ്രേമികളിലും ആകാംക്ഷ നിറച്ചിരുന്നു. ഇന്ന് നടന്ന അവസാന ഇന മത്സരങ്ങളുടെ ഫലവും അപ്പീല്‍ ഫലങ്ങളും പുറത്തുവന്നതോടെ കണ്ണൂര്‍ സ്വര്‍ണ്ണ കിരീടത്തിന്റെ അവകാശികളാവുകയും ചെയ്തു. കണ്ണൂരിന് 1028 പോയിന്റുകള്‍ ലഭിച്ചു. രണ്ടാം സ്ഥാനത്തെത്തിയ തൃശൂര്‍ 1023 പോയിന്റ് നേടി ഒപ്പം നിന്നു. കോഴിക്കോടിന് 1017 പോയിന്റും പാലക്കാടിന് 1013 പോയിന്റും ലഭിച്ചു.
സ്‌കൂള്‍ തലത്തില്‍ ആലത്തൂര്‍ ഗുരുകുലം ഹയര്‍സെക്കണ്ടറി സ്‌കൂള്‍ ഒന്നാം സ്ഥാനത്തെത്തി.
സമാപന യോഗം പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഉദ്ഘാടനം ചെയ്തു. സാംസ്‌ക്കാരിക കേരളത്തിന്റെ തലസ്ഥാനത്തു നടന്ന കലാമാമാങ്കം കേരളത്തനിമ നിലനിറുത്തുകയും പ്രോത്സാഹിപ്പിക്കുയും ചെയ്തതിനെ അദ്ദേഹം അഭിനന്ദിച്ചു. ആ ഒരുമ, ഈ കൂട്ടായ്മ നമ്മുടെ ഭാവിക്കു മുതല്‍ കൂട്ടാവട്ടെ- അദ്ദേഹം ആശംസിച്ചു. മന്ത്രി കെ രാജന്‍ ആധ്യക്ഷം വഹിച്ചു. മലയാളത്തിന്റെ പ്രിയ നടന്‍ മോഹന്‍ലാല്‍ കലാപ്രതിഭകള്‍ക്കു സ്വര്‍ണ്ണക്കപ്പ് സമ്മാനിച്ചു. മന്ത്രി വി ശിവന്‍കുട്ടി, സ്പീക്കര്‍ എ എന്‍ ഷംസീര്‍, മന്ത്രിമാര്‍, എം എല്‍ എമാര്‍, വിദ്യാഭ്യാസ വകുപ്പധികൃതര്‍ പങ്കെടുത്തു.








