‘ഓപ്പറേഷന്‍ ഷോര്‍ട്ട് സര്‍ക്യൂട്ട്’: കെ.എസ്.ഇ.ബിയില്‍ വിജിലന്‍സ് നടത്തിയ മിന്നല്‍ പരിശോധനയില്‍ ലക്ഷങ്ങളുടെ അഴിമതിയും വ്യാപകക്രമക്കേടും കണ്ടെത്തി

തിരുവനന്തപുരം: ‘ഓപ്പറേഷന്‍ ഷോര്‍ട്ട് സര്‍ക്യൂട്ട്’ എന്ന പേരില്‍ കെ.എസ്.ഇ.ബിയില്‍ വിജിലന്‍സ് നടത്തിയ മിന്നല്‍ പരിശോധനയില്‍ ലക്ഷങ്ങളുടെ അഴിമതിയും വ്യാപകക്രമക്കേടും കണ്ടെത്തി. കരാറുകാരില്‍ നിന്ന് കമ്മിഷന്‍ ഇനത്തില്‍ ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങി പരിശോധന നടത്താതെ ബില്‍ മാറി കൊടുക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയതെന്ന് വിജിലന്‍സ് അറിയിച്ചു.

കഴിഞ്ഞ അഞ്ചു വര്‍ഷം നടത്തിയ കരാര്‍ പ്രവൃത്തികളാണ് വിജിലന്‍സ് പരിശോധനയ്ക്ക് വിധേയമാക്കിയത്. വിവിധ സെക്ഷന്‍ ഓഫീസുകളിലെ 41 ഉദ്യോഗസ്ഥര്‍ പല കരാറുകാരില്‍ നിന്നായി 16,50,000 രൂപ അക്കൗണ്ടുകളിലൂടെ മാത്രം കൈക്കൂലിയായി കൈപ്പറ്റിയെന്നാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍. തിരുവനന്തപുരം വര്‍ക്കലയില്‍ സബ് എന്‍ജിനീയര്‍ 55,200 രൂപയും മറ്റൊരാള്‍ 38,000 രൂപയും കരാറുകാരനില്‍നിന്ന് ഗൂഗിള്‍പേ വഴി കൈപ്പറ്റി. കോട്ടയത്ത് ഇത്തരത്തില്‍ സബ് എന്‍ജിനീയര്‍ 1,83,000 രൂപയും ഓവര്‍സീയര്‍ 18,550 രൂപയുമാണ് വാങ്ങിയത്. കട്ടപ്പന സെക്ഷന്‍ ഓഫീസില്‍ അസി.എന്‍ജീനീയര്‍ 2,35,700 രൂപയാണ് വാങ്ങിയത്. ഇതേ ഓഫീസിലെ നാല് ഉദ്യോഗസ്ഥര്‍ 1,86,000 രൂപ കരാറുകാര്‍ക്ക് അയച്ചുകൊടുത്തിട്ടുണ്ട്.

കെ.എസ്.ഇ.ബിയില്‍ ഭൂരിഭാഗം ഓഫീസുകളിലും കരാറുകള്‍ നല്‍കുന്നത് നടപടിക്രമങ്ങള്‍ പാലിക്കാതെയാണെന്ന് വിജിലന്‍സ് പറയുന്നു. കരാര്‍ പ്രവൃത്തികള്‍ ടെന്‍ഡര്‍ നടപടി ക്രമങ്ങളില്‍ നിന്ന് ഒഴിവാകുന്നതിനായി കുറഞ്ഞ തുകയ്ക്കുള്ള പ്രവൃത്തികളായി വിഭജിച്ച് ക്വട്ടേഷന്‍ ക്ഷണിച്ച് പദ്ധതി നടപ്പിലാക്കുന്നതായി പരിശോധനയില്‍ കണ്ടെത്തി.

വിവിധ പ്രവൃത്തികളുടെ കരാര്‍ വര്‍ഷങ്ങളായി ഒരേ കരാറുകാരന് തന്നെയാണ് നല്‍കിയിരിക്കുന്നത്. കരാര്‍ അടിസ്ഥാനത്തില്‍ എടുത്തിരിക്കുന്ന വാഹനങ്ങളുടെ ഉപയോഗത്തില്‍ ക്രമക്കേടുകള്‍ നടക്കുന്നു. ഭൂരിഭാഗം ഓഫീസുകളിലും കരാര്‍ പ്രവൃത്തികളുടെ ഫയലുകള്‍ കൃത്യമായി പരിപാലിക്കുന്നില്ല. സ്‌ക്രാപ്പ് രജിസ്റ്റര്‍, ലോഗ് ബുക്ക്, വര്‍ക്ക് രജിസ്റ്റര്‍ തുടങ്ങിയ വിവിധ രജിസ്റ്ററുകള്‍ കൃത്യമായി എഴുതി സൂക്ഷിച്ചിട്ടില്ലെന്നും വിജിലന്‍സ് ഉദ്യോഗസ്ഥര്‍ പറയുന്നു.

ബെനാമി കരാറുകാരെ വച്ച് ഉദ്യോഗസ്ഥര്‍ തന്നെ വര്‍ക്ക് ഏറ്റെടുത്ത് ചെയ്യുന്നതാണോ എന്നാണ് വിജിലന്‍സ് അന്വേഷിക്കുന്നത്. ഇത്തരത്തില്‍ സംസ്ഥാനത്തെ വിവിധ ഓഫീസുകളില്‍ ലക്ഷങ്ങളുടെ കൈക്കൂലി ഇടപാടുകളാണ് നടന്നിരിക്കുന്നതെന്നാണ് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page