കണ്ണൂര്‍: 46 പവനും 1,60,000 രൂപയും തട്ടിയെടുത്ത ശേഷം യുവതിയെ ബലാത്സംഗം ചെയ്തുവെന്ന കേസില്‍ പ്രതി അറസ്റ്റില്‍. കാസര്‍കോട്, മാലോത്ത്, നെല്ലിക്കശ്ശേരി ഹൗസില്‍ സിജു(38)വിനെയാണ് കണ്ണൂര്‍ ടൗണ്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ പി എ ബിനു മോഹനും സംഘവും അറസ്റ്റു ചെയ്തത്. ഇയാള്‍ ഇപ്പോള്‍ കണ്ണൂര്‍, തെക്കീ ബസാറിലാണ് താമസം. കക്കാട് സ്വദേശിയായ യുവതിയുടെ പരാതിയിലാണ് ഇയാള്‍ക്കെതിരെ പരാതി നല്‍കിയത്.
സിജു നേരത്തെ കണ്ണൂര്‍, തെക്കീ ബസാറില്‍ ഹോട്ടല്‍ നടത്തിയിരുന്നു. ആ സമയത്താണ് പരാതിക്കാരിയായ യുവതിയെ പരിചയപ്പെട്ടത്.
ഗോള്‍ഡ് സ്‌കീമില്‍ നിക്ഷേപം നടത്താമെന്നു പറഞ്ഞാണ് യുവതിയില്‍ നിന്നു 46 പവന്‍ സ്വര്‍ണ്ണം കൈക്കലാക്കിയത്. പിന്നീട് യുവതിയുടെ പിതാവിനു പടക്കക്കടയുടെ ലൈസന്‍സ് ശരിയാക്കിക്കൊടുക്കാമെന്ന് പറഞ്ഞ് പണം കൈക്കലാക്കുകയായിരുന്നുവത്രെ.
പിന്നീടാണ് താന്‍ തട്ടിപ്പിനു ഇരയായതായി യുവതിക്കു മനസ്സിലായത്. യുവതി സ്വര്‍ണ്ണവും പണവും തിരികെ ആവശ്യപ്പെട്ടു. തിരിച്ചു നല്‍കാമെന്ന് വിശ്വസിപ്പിച്ച ശേഷം യുവതിയെ ആളൊഴിഞ്ഞ വീട്ടിലേയ്ക്ക് കൂട്ടികൊണ്ടുപോയി ബലാത്സംഗം ചെയ്തുവെന്നാണ് യുവതി നല്‍കിയ പരാതിയില്‍ പറയുന്നത്. സിജുവിനെതിരെ കാസര്‍കോട് ജില്ലയില്‍ ബലാത്സംഗം, ചതി ഉള്‍പ്പെടെ അഞ്ചു കേസുകള്‍ നിലവില്‍ ഉള്ളതായി പൊലീസ് പറഞ്ഞു. പൊലീസ് സംഘത്തില്‍ എസ് ഐ ഷാജി, എ എസ് ഐ സി പി നാസര്‍, സി പി ഒ മാരായ ഷൈജു, സനൂപ് എന്നിവരും ഉണ്ടായിരുന്നു.







