കൊല്ലം: വിസ്മയ കേസ് പ്രതി കിരണ്‍ കുമാറിനെ(34) വീട് കയറി ആക്രമിച്ചെന്ന പരാതിയില്‍ നാലു പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ശാസ്താംകോട്ട പോരുവഴി അമ്പലത്തുംഭാഗം ശാസ്താംനടയിലെ വീട്ടില്‍ കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം.
റോഡിലൂടെ നടന്നു പോവുകയായിരുന്ന നാലു യുവാക്കള്‍ വിസ്മയ കേസിന്റെ കാര്യം പറഞ്ഞ് പ്രകോപനമായി സംസാരിക്കുകയും വീടിനു മുന്നിലുണ്ടായിരുന്ന വീപ്പകളില്‍ അടിക്കുകയും കിരണിനെ വെല്ലുവിളിക്കുകയും ചെയ്തുവെന്നാണ് പരാതി. തുടര്‍ന്ന് പുറത്തേക്ക് ചെന്ന കിരണിനെ സംഘം അടിച്ച് താഴെയിട്ട ശേഷം മൊബൈല്‍ ഫോണ്‍ കവര്‍ന്നു. മുന്‍പും പലപ്പോഴും യുവാക്കളുടെ സംഘങ്ങള്‍ ബൈക്കുകളില്‍ വീടിനു മുന്നിലെത്തി വെല്ലുവിളിച്ച് പോകാറുണ്ടായിരുന്നുവെന്ന് പരാതിയില്‍ പറയുന്നുണ്ട്. കണ്ടാല്‍ അറിയുന്ന നാലു പേര്‍ക്കെതിരെയാണ് വിവിധ വകുപ്പുകള്‍ ചുമത്തി കേസെടുത്തത്. വിസ്മയ കേസുമായി സംഭവത്തിന് ബന്ധമില്ലെന്ന് പൊലീസ് പറഞ്ഞു.







