കാസർകോട്: കുമ്പള ആരിക്കാടിയിൽ ടോൾ പിരിവിനെതിരായ ആക്ഷൻ കമ്മിറ്റിയുടെ സമരം കടുപ്പിക്കാൻ തീരുമാനം. വെള്ളിയാഴ്ച വൈകിട്ട് കുമ്പളയിൽ ചേർന്ന സര്‍വ്വകക്ഷി ആക്ഷൻ കമ്മിറ്റിയുടെ യോഗത്തിലാണ് സമരം കൂടുതൽ ശക്തമാക്കാൻ തീരുമാനമായത്. ഈ മാസം 19ന് കളക്ടറേറ്റിന് മുന്നിൽ ജനപ്രതിനിധികളുടെ പ്രതിഷേധ സംഗമം നടത്തും. മഞ്ചേശ്വരം – കാസർകോട് ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ മുഴുവൻ അംഗങ്ങളും, കാസർകോട് മുനിസിപ്പാലിറ്റി കൗൺസിലർമാരും സംബന്ധിക്കും. കാസര്‍കോട്-മംഗളൂരു ദേശീയ പാതയിലെ കുമ്പള ടോള്‍ പ്ലാസയിലെ ടോള്‍ പിരിവ് അന്യായമാണെന്നും തടയണമെന്നും ആവശ്യപ്പെട്ട് ആക്ഷന്‍ കമ്മിറ്റി നല്‍കിയ ഹര്‍ജി ഹൈക്കോടതി ഈ മാസം 21 ന് പരിഗണിക്കും. ആക്ഷൻ കമ്മിറ്റി യോഗത്തിൽ എ കെ എം അഷറഫ് എംഎൽഎ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അഷ്‌റഫ് കാര്‍ളെ, കുമ്പള പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ കെ ആരിഫ്, സിപിഎം ഏരിയ സെക്രട്ടറി സിഎ സുബൈർ, കോണ്‍ഗ്രസ് നേതാവ് ലക്ഷ്മണ പ്രഭു, യൂസഫ് ഉളുവാർ, ഇർഷാദ് മൊഗ്രാൽ, താജുദ്ദീൻ മൊഗ്രാൽ തുടങ്ങി നിരവധി പേർ ആക്ഷൻ കമ്മിറ്റി യോഗത്തിൽ പങ്കെടുത്തു.







