കാസര്‍കോട്: ബദിയഡുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കുംബഡാജെ മൗവ്വാര്‍, ആജിലയിലെ വീട്ടില്‍ ഒറ്റക്ക് താമസിച്ചിരുന്ന വയോധികയെ കഴുത്തു ഞെരിച്ചും ശ്വാസം മുട്ടിച്ചും കൊലപ്പെടുത്തിയ കേസിൽ പ്രതി പിടിയിൽ . രമേശ് നായിക് എന്ന ആളാണ് പിടിയിലായത് . ഇയാളെ പൊലീസ് ചോദ്യം ചെയ്തു വരുന്നു. മരണം കൊലപാതകമാണെന്ന പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത് . കൊല്ലപ്പെട്ട പുഷ്പലത വി.ഷെട്ടിയുടെ കഴുത്തിൽ ഉണ്ടായിരുന്ന നാലു പവൻ തൂക്കമുള്ള കരിമണിമാല കൈക്കലാക്കുന്നതിനാണ് കൊല നടത്തിയതെന്നാണ് പിടിയിലായ ആൾ പൊലീസിനു നൽകിയ മൊഴി.പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെള്ളിയാഴ്ച ഉച്ചയോടെ നടന്ന പോസ്റ്റുമോര്‍ട്ടത്തിലാണ് കഴുത്തു ഞെരുക്കിയും മൂക്കു പൊത്തിപ്പിടിച്ചും കൊലപ്പെടുത്തിയതെന്നു വ്യക്തമായത്. വ്യാഴാഴ്ച രാവിലെയാണ് വീട്ടില്‍ തനിച്ചു താമസിക്കുന്ന പുഷ്പലത വി ഷെട്ടിയെ മരിച്ച നിലയില്‍ കാണപ്പെട്ടത്.പൊലീസിന്റെ പ്രാഥമിക പരിശോധനയില്‍ തന്നെ കൊലപാതകമാണെന്നു സംശയമുണ്ടായിരുന്നു. ബന്ധുക്കള്‍ സംശയം ഉന്നയിച്ചതോടെയാണ് പോസ്റ്റുമോര്‍ട്ടം പരിയാരത്തേക്ക് മാറ്റിയത്.







