കാസര്‍കോട്: ആരിക്കാടി ടോള്‍ ബൂത്തിന്റെ പേരില്‍ എകെഎം അഷ്‌റഫ് എംഎല്‍എ നടത്തുന്നത് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള ശ്രമമാണെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് എംഎല്‍അശ്വിനി അപലപിച്ചു.
ആരിക്കാടിയിലെ ടോള്‍ ബൂത്ത് ഉടന്‍ നീക്കം ചെയ്യുമെന്നും അതിനുവേണ്ടി ബിജെപി ജില്ലാ സംസ്ഥാന കേന്ദ്രനേതൃത്വങ്ങള്‍ കേന്ദ്ര ഗതാഗത മന്ത്രാലയത്തെ സമീപിച്ചിട്ടുണ്ടെന്നും അറിയിപ്പില്‍ അവര്‍ പറഞ്ഞു. ആരിക്കാടിയിലെ ടോള്‍ ബൂത്ത് നിയമവിരുദ്ധവും കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ നയത്തിന് വിരുദ്ധവുമാണെന്ന് ബിജെപി ജില്ലാ കമ്മിറ്റി പാര്‍ട്ടി സംസ്ഥാന കേന്ദ്ര നേതൃത്വങ്ങളെ നേരത്തെ അറിയിച്ചിരുന്നതായി അറിയിപ്പില്‍ പറഞ്ഞു. ബിജെപി ദേശീയ നേതൃത്വം ഇക്കാര്യം കേന്ദ്ര ഗതാഗത മന്ത്രാലയത്തെ അറിയിച്ചിട്ടുണ്ടെന്നും മന്ത്രാലയം ഇക്കാര്യത്തില്‍ ഉടന്‍ തീരുമാനമെടുക്കുമെന്നും ബിജെപി കേന്ദ്ര നേതൃത്വം സംസ്ഥാന നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്ന് അശ്വിനി കൂട്ടിച്ചേര്‍ത്തു. ജനപ്രതിനിധി എന്ന നിലയില്‍ കൃത്യമായ ഇടപെടലുകള്‍ നടത്തുന്നതില്‍ പരാജയപ്പെട്ട അഷ്‌റഫ് അതിന്റെ ജാള്യത മാറ്റാനാണ് ടോള്‍ വിരുദ്ധ സമരവുമായി ഇപ്പോള്‍ രംഗത്തെത്തിയതെന്ന് അറിയിപ്പില്‍ കൂട്ടിച്ചേര്‍ത്തു.






