കണ്ണൂര്‍: ലഹരിക്കേസില്‍ അറസ്റ്റിലായി ഗോവയിലെ ജയിലില്‍ കഴിഞ്ഞ ശേഷം പുറത്തിറങ്ങിയ യുവതി മെത്തഫെറ്റമിന്‍ മയക്കുമരുന്നുമായി അറസ്റ്റില്‍. കണ്ണൂര്‍, അഞ്ചാം പീടികയിലെ ആലക്കല്‍ ഹൗസില്‍ എ ഷില്‍ന (32)യെ ആണ് പാപ്പിനിശ്ശേരി റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഇ.വൈ ജസീറലിയും സംഘവും പിടികൂടിയത്. ഷില്‍നയില്‍ നിന്നു 0.459 ഗ്രാം മെത്തഫെറ്റമിന്‍ കണ്ടെടുത്തതായി എക്‌സൈസ് അധികൃതര്‍ അറിയിച്ചു. രഹസ്യവിവരത്തെത്തുടര്‍ന്ന് എക്‌സൈസ് അധികൃതര്‍ പാപ്പിനിശ്ശേരിയില്‍ നടത്തിയ റെയ്ഡിലാണ് ഷില്‍ന പിടിയിലായത്.
ലഹരിമരുന്ന് കേസില്‍ ഗോവയിലെ ജയിലിലായിരുന്ന ഷില്‍ന രണ്ടു മാസം മുമ്പാണ് പുറത്തിറങ്ങിയത്. അതിനു ശേഷവും ജില്ലയിലേക്ക് മയക്കുമരുന്ന് എത്തിക്കുന്നതായി വിവരം ലഭിച്ചതിനാല്‍ യുവതി അധികൃതരുടെ നിരീക്ഷണത്തിലായിരുന്നു. എക്‌സൈസ് സംഘത്തില്‍ അസി. ഇന്‍സ്‌പെക്ടര്‍ ജോര്‍ജ്ജ് ഫെര്‍ണാണ്ടസ്, പ്രിവന്റീവ് ഓഫീസര്‍മാരായ ശ്രീകുമാര്‍, പങ്കജാക്ഷന്‍, രജിരാഗ്, സിഇഒമാരായ ജിഷ, ഷൈമ എന്നിവരും ഉണ്ടായിരുന്നു.







