മുംബൈ: പല്ലിക്ക് വസ്ത്രം തയ്പ്പിച്ച് അണിയിച്ചൊരുക്കി വാര്‍ത്തകളില്‍ ഇടംനേടിയിരിക്കുകയാണ് ഒരു യുവാവ്. ഷോക്ക് പിക്‌സെല്‍ എന്ന പേരില്‍ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുള്ള ഗന്ധര്‍വ് എന്ന യുവാവാണ് പല്ലിക്ക് വേണ്ടി മനോഹരമായ കുര്‍ത്ത തയ്പ്പിച്ചിരിക്കുന്നത്. ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച വീഡിയോയിലൂടെയാണ് ഗന്ധര്‍വ് ഇക്കാര്യം അറിയിച്ചത്. ഇത് തന്റെ വരുമാനമാര്‍ഗ്ഗമാക്കാന്‍ ആലോചിക്കുന്നതായി ഗന്ധര്‍വ് പറയുന്നുണ്ട്. എന്നാല്‍ വീഡിയോ എഐയാണെന്നാണ് അത് കണ്ടവര്‍ പറയുന്നത്. യുവാവ് തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിന്റെ ബയോയില്‍ എഐ വീഡിയോ ഉള്ളടക്ക സൃഷ്ടാവാണെന്ന് സ്വയം പറയുന്നുണ്ടെന്നും ഇവര്‍ വാദിക്കുന്നു.
കുര്‍ത്ത അണിഞ്ഞ് ചുമരിലൂടെ ഇരപിടിക്കാന്‍ നടക്കുന്ന പല്ലിയുടെ വീഡിയോ ആണ് ഗന്ധര്‍വ് പങ്കുവച്ചത്. വീഡിയോയില്‍ ഗന്ധര്‍വ് പറയുന്നത് ഇങ്ങനെ, ‘നോക്കൂ സുഹൃത്തുക്കളേ, ഇത് ഞാന്‍ തന്നെ ഉണ്ടാക്കിയ വസ്ത്രമാണ്. മനുഷ്യര്‍ക്ക് ആയിരക്കണക്കിന് ഡിസൈനുകള്‍ ലഭ്യമാണ്, പിന്നെന്തുകൊണ്ട് പല്ലികള്‍ക്ക്? നോക്കൂ, ഇത് ഇന്ത്യയിലെ ആദ്യത്തെ പല്ലിക്കുള്ള വസ്ത്രമാണ്. ഞാന്‍ ഒരു ചെറിയ കുര്‍ത്തയുണ്ടാക്കി. ഇത് കൈകൊണ്ട് നിര്‍മ്മിച്ച വസ്ത്രമാണ്, ഇതിന് 20 രൂപ മാത്രം. ഇതിന് നല്ല ഭംഗിയല്ലേ?’ എന്ന് ഗന്ധര്‍വ് വീഡിയോയില്‍ ചോദിക്കുന്നുണ്ട്. താനുണ്ടാക്കിയ വസ്ത്രം ധരിച്ച് ഒരു പല്ലി ചുമരിലൂടെ പതുക്കെ നീങ്ങുന്ന വീഡിയോയും ഗന്ധര്‍വ് പങ്കുവച്ചു.
വീഡിയോയ്ക്ക് താഴെ രസകരമായ കമന്റുകള്‍കൊണ്ട് നിറയുകയാണ്. പല്ലി സാറിന് ഇനി എന്ത് വേണമെന്നാണ് ഒരു കാഴ്ചക്കാരന്‍ ചോദിച്ചത്. പല്ലി വസ്ത്രം നേപ്പാളിലേക്ക് അയച്ച് തരാമോയെന്നും തന്റെ കുഞ്ഞനുജത്തിക്ക് സമ്മാനിക്കാനാണെന്നും ഒരാള്‍ കുറിച്ചു. പല്ലിയെ വസ്ത്രം ധരിപ്പിക്കുന്ന ഒരു ട്യൂട്ടോറിയല്‍ വീഡിയോ കൂടി വേണമെന്ന് ചിലര്‍ ആവശ്യപ്പെട്ടു.
വീഡിയോ പോസ്റ്റ് ചെയ്ത് നിമിഷങ്ങള്‍ക്കകം തന്നെ വൈറലായി. ഒരു കോടി എണ്‍പത്തിയെട്ട് ലക്ഷം പേര്‍ ഇതിനകം കണ്ടുകഴിഞ്ഞു. നാലര ലക്ഷത്തോളം പേര്‍ വീഡിയോ ലൈക്ക് ചെയ്തു. വീഡിയോ വൈറലായതിന് പിന്നാലെ പല തരത്തിലുള്ള വസ്ത്രങ്ങള്‍ ധരിച്ചുള്ള പല്ലികളുടെ വീഡിയോകള്‍ അതേ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെ പങ്കുവയ്ക്കപ്പെട്ടു.







