കുമ്പള: കുമ്പളയില്‍ ഇനി ഒരാഴ്ചക്കാലം ഉത്സവമേളം. കണിപുര ശ്രീ ഗോപാലകൃഷ്ണ ക്ഷേത്ര വാര്‍ഷികോത്സവത്തിന്
രാവിലെ ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ കൊടിയേറി. കുമ്പള നഗരം ഭക്തജനങ്ങളെക്കൊണ്ട് നിറയും. നൂറ്റാണ്ടുകളുടെ ചരിത്രമുള്ള പ്രശസ്തമായ കുമ്പള വെടിക്കെട്ട് ഉത്സവം 17നാണ്.
ആഘോഷത്തോടെനുബന്ധിച്ചു ക്ഷേത്ര സന്നിധിയില്‍ വിവിധ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. രാവിലെ 10 മണിക്ക് കൊടിയേറ്റത്തോടെ ആരംഭിച്ച മഹോത്സവത്തോടനുബന്ധിച്ച് കലവറ ഘോഷയാത്ര, തുലാഭാരസേവ, മഹാപൂജ, നിത്യശീവേലി, അന്നദാനം തുടങ്ങിയവ ഉണ്ട്.
ദേലംപാടി ഗണേശ തന്ത്രി ഉത്സവചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കും. എല്ലാ ദിവസവും വിവിധ വൈദിക- ധാര്‍മിക- സാംസ്‌കാരിക പരിപാടികള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. വൈകുന്നേരങ്ങളില്‍ യക്ഷഗാനം, ഭരതനാട്യം, കുച്ചുപ്പുടി, നാടോടി നൃത്തം, ഭജന, മഹാപൂജ, ശ്രീഭൂതബലി തുടങ്ങിയവയും ക്ഷേത്രോത്സവത്തിന്റെ ഭാഗമായി നടക്കും. 17ന് രാത്രി 9.45 ന് കരിമരുന്ന് പ്രയോഗം(വെടിക്കെട്ട്). 18ന് ഉത്സവബലി ഘോഷയാത്ര, വൈകുന്നേരം 7.30ന് കൊടിയിറക്കം. 19-നും വൈവിധ്യമാര്‍ന്ന പരിപാടികള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
സപ്തഭാഷാ സംഗമഭൂമിയായ കുമ്പളയിലെ ഏറ്റവും വലിയ ഉത്സവമാണ് വെടിക്കെട്ട് ഉത്സവം. ജില്ലയിലെ നാനാദിക്കുകളില്‍ നിന്നും, കര്‍ണാടകയില്‍ നിന്നും പതിനായിരക്കണക്കിന് ഭക്തജനങ്ങള്‍ ഉത്സവത്തിന് എത്തുന്നുണ്ട്. നാനാജാതി മതസ്ഥരും ഈ ആഘോഷത്തില്‍ പങ്കുചേരുന്നു എന്നത് ഉത്സവത്തെ വേറിട്ടതാക്കുന്നു.
ക്ഷേത്രോത്സവം പൊലിപ്പിക്കാന്‍ 16,17 തീയതികളില്‍ കുമ്പള ചിരഞ്ജീവി ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് സംഗീത നിശയും ആദരിക്കല്‍ ചടങ്ങും ഒരുക്കിയിട്ടുണ്ട്. ആഘോഷം നിയന്ത്രിക്കാന്‍ നാളെ മുതല്‍ വന്‍ പോലീസ് സംഘത്തെ
നഗരത്തില്‍ വിന്യസിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.








