അറവു ശാലയിലേക്ക് കൊണ്ടു പോകുന്ന വഴിയില്‍ ശ്വാസംമുട്ടി ചത്ത കന്നുകാലികളെ ചാലിങ്കാല്‍ ദേശീയ പാതയോരത്ത് തള്ളിയ നിലയില്‍; നിര്‍ണ്ണായക തെളിവായ നമ്പര്‍ പ്ലേറ്റ് സ്ഥലത്ത് വീണ നിലയില്‍ കണ്ടെടുത്തു

കാസര്‍കോട്: അറവു ശാലയിലേക്ക് കൊണ്ടു പോകുന്നതിനിടയില്‍ ശ്വാസം മുട്ടി ചത്ത രണ്ടു പോത്തുകളുടെയും കാളയുടെയും ജഡങ്ങള്‍ ജനവാസ മേഖലയില്‍ തള്ളിയ നിലയില്‍. ദേശീയപാതയിലെ ചാലിങ്കാല്‍ ഇറക്കത്തില്‍ സ്വകാര്യ വ്യക്തിയുടെ സ്ഥലത്താണ് ജഡങ്ങള്‍ അഴുകി നാറി തുടങ്ങിയ നിലയില്‍ കാണപ്പെട്ടത്. ചൊവ്വാഴ്ച രാത്രി 10 മണിക്കും ബുധനാഴ്ച പുലര്‍ച്ചെക്കും ഇടയിലുള്ള സമയത്താണ് സംഭവമെന്നു കരുതുന്നു. 10മണിക്ക് ശേഷം പെയ്ത മഴയില്‍ സ്ഥലത്ത് ചെളി രൂപപ്പെട്ടിരുന്നു. ഇതില്‍ വലിയ ലോറിയുടെ ടയര്‍ കടന്നു പോയതിന്റെ അടയാളങ്ങളുണ്ട്. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് അമ്പലത്തറ പൊലീസ് ഇന്‍സ്പെക്ടര്‍ യുപി വിപിന്‍, എസ്ഐ കൃഷ്ണന്‍, എഎസ്ഐ ജയരാജന്‍, പഞ്ചായത്ത് പ്രസിഡണ്ട് ഡോ. സികെ സബിത, വൈസ് പ്രസിഡണ്ട് എംകെ ബാബുരാജ്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ എംവി അശോകന്‍, ദീപ എന്നിവര്‍ സ്ഥലത്തെത്തി. അഴുകിത്തുടങ്ങിയതിനാല്‍ ജെസിബി ഉപയോഗിച്ച് സ്ഥലത്ത് തന്നെ ജഡങ്ങള്‍ മറവ് ചെയ്തു. അന്യ സംസ്ഥാനത്തു നിന്നു അറവുശാലയിലേക്ക് കൊണ്ടു പോവുകയായിരുന്ന കന്നുകാലികളാണ് ചത്തതെന്ന് സംശയിക്കുന്നു. കുത്തിനിറച്ചു കൊണ്ടു പോകുന്നതിനിടയില്‍ ശ്വാസം കിട്ടാതെയായിരിക്കും അറവു മൃഗങ്ങള്‍ ചത്തതെന്നു സംശയിക്കുന്നു. സ്ഥലത്തു നിന്ന് കന്നുകാലികളുടെ ജഡങ്ങള്‍ കൊണ്ട് വന്ന് തള്ളിയ വാഹനത്തിന്റേതെന്നു സംശയിക്കുന്ന നമ്പര്‍ പ്ലേറ്റ് ഇളകി വീണ നിലയില്‍ കണ്ടെത്തി. ഇതു അന്വേഷണത്തിനു നിര്‍ണ്ണായകമാകുമെന്നാണ് പൊലീസിന്റെ കണക്കുകൂട്ടല്‍. വിവിധ സ്ഥലങ്ങളിലെ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചുവരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page