കാസർകോട്: കെഎസ്ആർടിസി ബസ്സിൽ കഞ്ചാവും മെത്താഫെറ്റാമിനും കടത്താൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. ഉപ്പള ബാലംകുണ്ട വീട്ടിൽ മുഹമ്മദ് റഫീഖ് (43)ആണ് പിടിയിലായത്. ഞായറാഴ്ച വൈകിട്ട് 7 മണിയോടെ മഞ്ചേശ്വരം ചെക്ക് പോസ്റ്റിൽ എക്സൈസ് നടത്തിയ പരിശോധനയിലാണ് യുവാവ് പിടിയിലായത്. മംഗളൂരുവിൽ നിന്ന് കാസർകോട്ടേക്ക് വരികയായിരുന്ന ബസ്സിലെ യാത്രക്കാരനായിരുന്നു മുഹമ്മദ് റഫീഖ്. ഇയാളുടെ കൈവശം ഉണ്ടായിരുന്ന 20ഗ്രാം കഞ്ചാവും 1.79 ഗ്രാം മെത്താഫെറ്റാമിനും എക്സൈസ് പിടികൂടി. എക്സൈസ് ഇൻസ്പെക്ടർ സി സന്തോഷ്കുമാർ, സിവിൽ എക്സൈസ് ഓഫീസർ എ കെ നസറുദ്ദീൻ, പ്രിവൻ്റീവ് ഓഫീസർ കെ ആർ പ്രജിത്ത്, അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ എ.ബി. അബ്ദുള്ള എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. പ്രതിയെയും കേസ് രേഖകളും തൊണ്ടിമുതലുകളും കുമ്പള എക്സൈസ് റെയിഞ്ചിന് കൈമാറി. അന്തർ സംസ്ഥാന ബസുകളിലും കർണാടക അതിർത്തിയിൽ നിന്നും ആരംഭിക്കുന്ന സ്വകാര്യ ബസുകളിലും മയക്കുമരുന്ന് കടത്തുന്നതായി സൂചന ലഭിച്ചതിനെതുടർന്ന് എക്സൈസ് പരിശോധന ശക്തമാക്കിയിരുന്നു. ഡിസംബർ മാസത്തിൽ മാത്രം 6 മയക്കുമരുന്ന് കേസുകൾ ചെക്ക്പോസ്റ്റിൽ പിടികൂടിയതായി അധികൃതർ അറിയിച്ചു.







