കാസർകോട്: ദേശീയ പാതയിലെ കുമ്പള ടോൾ പ്ലാസയിൽ ടോൾ പിരിക്കാനുള്ള ദേശീയ പാത അധികൃതരുടെ ശ്രമം നാട്ടുകാർ തടഞ്ഞു. എ.കെ എം അഷ്റഫ് എം എൽ എ യുടെ നേതൃത്വത്തിലാണ് തടഞ്ഞത്. അന്യായമായ ടോൾ പിരിവ് അനുവദിക്കില്ലെന്നു സമരക്കാർ പറഞ്ഞു. സമരത്തെ തുടർന്ന് കാസർകോട് – മംഗ്ളൂരു ദേശീയ പാതയിലെ ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു. സ്ഥലത്ത് സംഘർഷാവസ്ഥ ഉടലെടുത്തിട്ടുണ്ട്. ഉന്നത ഉദ്യോഗസ്ഥരടക്കം നൂറിലേറെ പൊലീസ് സംഘം സ്ഥലത്ത് നിലയുറപ്പിച്ചിട്ടുണ്ട്.
കുമ്പളയിലെ ടോൾ പിരിവ് അന്യായമാണെന്നും പിരിക്കാൻ അനുവദിക്കരുതെന്നും ആവശ്യപ്പെട്ട് ആക്ഷൻ കമ്മറ്റി ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. ഇതിന്മേൽ കോടതി വിധി വരാനിരിക്കുന്നതേയുള്ളു .കോടതി വിധി വരുന്നതു വരെ ടോൾ പിരിക്കില്ലെന്നു ജില്ലാ കലക്ടർ ഉറപ്പു നൽകിയിരുന്നതായി ആക്ഷൻ കമ്മറ്റി ഭാരവാഹികൾ പറഞ്ഞു.
സമരത്തെ തുടർന്ന് ദേശീയ പാതയിലെ വാഹന ഗതാഗതം വഴി തിരിച്ചു വിട്ടു. മംഗ്ളൂരു ഭാഗത്തേയ്ക്കുള്ള വാഹനങ്ങളെ കുമ്പളയിൽ നിന്നും കാസർകോട് ഭാഗത്തേക്കുള്ള വാഹനങ്ങളെ ബന്തിയോട് നിന്നുമാണ് വഴി തിരിച്ചുവിട്ടത്.







