കാസര്‍കോട്: ആരിക്കാടി ടോള്‍ പ്ലാസയില്‍ അന്യായമായി ടോള്‍ പിരിക്കുന്നുവെന്ന് ആരോപിച്ച് ആക്ഷന്‍ കമ്മറ്റി തിങ്കളാഴ്ച രാവിലെ നടത്തിയ സമരത്തില്‍ നിന്നു സിപിഎം അവസാന നിമിഷം മുങ്ങിയതായി ആരോപണം. ടോള്‍ പിരിവിനെതിരെ ശക്തമായ എതിര്‍പ്പുമായി രംഗത്തുള്ള ആക്ഷന്‍ കമ്മിറ്റി അംഗങ്ങളും മുസ്ലിം ലീഗുമാണ് സിപിഎമ്മിനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിക്കുന്നത്.
തിങ്കളാഴ്ച മുതല്‍ ടോള്‍ പിരിവ് ആരംഭിക്കുമെന്ന വിവരം ശനിയാഴ്ച തന്നെ ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ക്കും മഞ്ചേശ്വരം എംഎല്‍എ, എ.കെഎം അഷ്‌റഫിനും ലഭിച്ചിരുന്നു. എന്തു വില കൊടുത്തും ഹൈക്കോടതിയിലുള്ള കേസില്‍ വിധി വരുന്നതിനു മുമ്പ് ടോള്‍ പിരിക്കുവാന്‍ അനുവദിക്കില്ലെന്നാണ് ആക്ഷന്‍ കമ്മിറ്റി കൈക്കൊണ്ട തീരുമാനം.
ഈ തീരുമാനത്തിനു പിന്തുണ പ്രഖ്യാപിച്ച് സിപിഎം ഏരിയാ സെക്രട്ടറി സിഎ സുബൈര്‍ രംഗത്ത് വരികയും വീഡിയോ സന്ദേശം ഇറക്കുകയും ചെയ്തിരുന്നു. സുബൈറിന്റെ വീഡിയോ സന്ദേശത്തില്‍ പറയുന്നത് ഇങ്ങനെ-”ദേശീയ പാത അതോറിറ്റി കുമ്പളയിലെ ടോള്‍ ബൂത്തില്‍ യൂസര്‍ഫീ പിരിക്കാനുള്ള തീരുമാനം അവര്‍ നടപ്പിലാക്കുന്നുവെന്നാണ് മനസ്സിലാക്കുന്നത്. ബഹുമാനപ്പെട്ട ഹൈക്കോടതിയില്‍ ഇതുമായി ബന്ധപ്പെട്ടു കൊണ്ടുള്ള കേസ് നിലനില്‍ക്കുകയാണ്. അതിനിടയില്‍ ആ കേസിന്റെ അന്തിമ വിധി വരുന്നതിനു മുമ്പ് ജനങ്ങളെ വെല്ലുവിളിച്ചു കൊണ്ട് ഇത്രയും ജനവിരുദ്ധമായ തീരുമാനം ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്നതിനു വേണ്ടി ദേശീയ പാത അതോറിറ്റി മുന്നോട്ട് വന്നാല്‍ ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വരും നാളുകളില്‍ അതിശക്തമായ സമരങ്ങള്‍ക്ക് ഞങ്ങള്‍ നേതൃത്വം കൊടുക്കുമെന്ന കാര്യത്തില്‍ സംശയമില്ല. അതിനു മുന്നിട്ടിറങ്ങിയ മുഴുവന്‍ ജനാധിപത്യ വിശ്വാസികളെയും അണിനിരത്തിക്കൊണ്ട് ഞങ്ങള്‍ ചെറുത്തു തോല്‍പ്പിക്കുക തന്നെ ചെയ്യും.” ഞായറാഴ്ച വീഡിയോ വിവിധ വാട്‌സ്ആപ് ഗ്രൂപ്പുകളില്‍ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ തിങ്കളാഴ്ച രാവിലെ സമരം ആരംഭിച്ചപ്പോള്‍ വീഡിയോ ഇറക്കിയ നേതാവിനെയോ അദ്ദേഹത്തിന്റെ പാര്‍ട്ടിയുടെ പ്രധാന പ്രവര്‍ത്തകരെയോ കാണാതായത് ഏതു അന്തര്‍ധാരയുടെ ഭാഗമെന്നു ലീഗ് പ്രവര്‍ത്തകരും ആക്ഷന്‍ കമ്മിറ്റി അംഗങ്ങളും ചോദിക്കുന്നു.






