ബംഗളൂരു: ബംഗളൂരുവിലെ രാമമൂര്‍ത്തി നഗറില്‍ ഐടി ജീവനക്കാരി ഷര്‍മിള(34)യെ വാടകവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് പൊലീസ്. ലൈംഗിക പീഡനശ്രമം എതിര്‍ത്തതിനെ തുടര്‍ന്ന് അയല്‍വാസിയായ കര്‍ണാല്‍ കുറെ (18) എന്ന യുവാവാണ് യുവതിയെ കൊലപ്പെടുത്തിയത്. ജനുവരി 3-നാണ് യുവതി മരണപ്പെട്ടത്. അപ്പാര്‍ട്ട്മെന്റിലുണ്ടായ തീപിടിത്തത്തില്‍ ശ്വാസംമുട്ടിയാണ് യുവതി മരിച്ചതെന്നായിരുന്നു ആദ്യ നിഗമനമെങ്കിലും, പൊലീസിന്റെ വിശദമായ അന്വേഷണത്തില്‍ കൊലപാതക വിവരം പുറത്തുവരുകയായിരുന്നു. ശാസ്ത്രീയരീതികളും സാങ്കേതിക തെളിവുകളും ഉപയോഗിച്ചാണ് പ്രതിയായ കര്‍ണല്‍ കുറൈയിലെത്തിയത്. ചോദ്യംചെയ്യലില്‍ കുറൈകുറ്റം സമ്മതിച്ചു.
സംഭവദിവസം രാത്രി ഒന്‍പത് മണിയോടെ സ്ലൈഡിങ് ജനാലയിലൂടെ ഷര്‍മിളയുടെ വീട്ടില്‍ അതിക്രമിച്ചു കയറിയ പ്രതി, അവരെ ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചു. ഇത് തടഞ്ഞ യുവതിയെ പ്രതി ക്രൂരമായി മര്‍ദ്ദിക്കുകയും ബോധരഹിതയായപ്പോള്‍ വായും മൂക്കും മൂടിക്കെട്ടി കൊലപ്പെടുത്തുകയുമായിരുന്നു. തുടര്‍ന്ന് കൊലപാതകം മറച്ചുവെക്കാനും തെളിവുകള്‍ നശിപ്പിക്കാനുമായി കിടപ്പുമുറിയിലെ മെത്തയ്ക്കും വസ്ത്രങ്ങള്‍ക്കും തീകൊളുത്തി പ്രതി സ്ഥലം വിടുകയായിരുന്നു. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചതായും കേസില്‍ കൂടുതല്‍ അന്വേഷണം നടന്നു വരികയാണെന്നും പൊലീസ് അറിയിച്ചു. ലൈംഗിക പീഡനം എതിര്‍ത്തതിനെ തുടര്‍ന്ന് യുവതിയെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പ്രതി കുറ്റസമ്മതം നടത്തിയിട്ടുണ്ട്.







