പാട്‌ന: കുട്ടികളില്ലാത്ത സ്ത്രീകളെ ഗര്‍ഭിണിയാക്കിയാല്‍ 10 ലക്ഷം രൂപ സമ്മാനം വാഗ്ദാനംചെയ്ത് തട്ടിപ്പുനടത്തിയ സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റിലായി. നവാഡ സ്വദേശിയായ രഞ്ജന്‍ കുമാര്‍ എന്നയാളും പ്രായപൂര്‍ത്തിയാകാത്ത മറ്റൊരാളുമാണ് സൈബര്‍ പൊലീസിന്റെ പിടിയിലായത്. തട്ടിപ്പിന് ഉപയോഗിച്ച നാലു മൊബൈല്‍ ഫോണുകള്‍ കണ്ടെടുത്തതായി പൊലീസ് സൂപ്രണ്ട് അഭിനവ് ധീമാന്‍ അറിയിച്ചു.
നൂറിലധികം പേര്‍ തട്ടിപ്പിനിരയായെങ്കിലും നാണക്കേടുകാരണം പരാതിപ്പെടാത്തതാണെന്ന് പൊലീസ് പറയുന്നു. സമാനമായ രീതിയില്‍ നേരത്തേയും ഇവിടെ തട്ടിപ്പുനടന്നിട്ടുണ്ട്. അന്ന് അപക്ഷകരെ ഹോട്ടലിലെത്തിച്ച് ബ്ലാക്‌മെയ്ല്‍ ചെയ്ത് പണം തട്ടുകയായിരുന്നു. ബിഹാറിലെ നവാഡയിലാണ് വിചിത്രമായ തട്ടിപ്പുനടന്നത്. ‘ഒരു യുവതിയെ ഗര്‍ഭിണിയാക്കൂ, 10 ലക്ഷം രൂപ നേടൂ’ – ഇങ്ങനെയൊരു പരസ്യമായിരുന്നു തട്ടിപ്പിന്റെ തുടക്കം. ‘ഓള്‍ ഇന്ത്യ പ്രഗ്നെന്റ് ജോബ്’ എന്നപേരില്‍ സാമൂഹികമാധ്യമങ്ങളിലൂടെ വ്യാപകമായി പരസ്യംചെയ്താണ് തട്ടിപ്പ്. കുട്ടികളെ ആവശ്യമുള്ള സ്ത്രീകളുടെ ഫോട്ടോകളും നല്‍കി. ഭൂരിഭാഗവും മോഡലുകളുടെ ചിത്രമാണ് നല്‍കിയത്. ഗര്‍ഭം ധരിച്ചില്ലെങ്കിലും പകുതിത്തുക സമ്മാനം ലഭിക്കുമെന്നും പറഞ്ഞിരുന്നു. ഗര്‍ഭിണിയായാല്‍ ജോലിയും ചെറിയ പലിശയ്ക്ക് വായ്പയുമെല്ലാം വാഗ്ദാനംചെയ്തു. കുറഞ്ഞ സമയം കൊണ്ട് ലക്ഷപ്രഭുവാകാം എന്ന് കരുതിയ പലരും തങ്ങളുടെ സമ്പാദ്യം മുഴുവന്‍ ഈ തട്ടിപ്പുകാര്‍ക്ക് നല്‍കി. താല്പര്യം പ്രകടിപ്പിക്കുന്നവരോട് ആദ്യം രജിസ്‌ട്രേഷന്‍ ഫീസ് ആവശ്യപ്പെടും. പിന്നീട് ഹോട്ടല്‍ വാടക, ടാക്‌സ്, ഫയല്‍ ചാര്‍ജ് എന്നിങ്ങനെ വിവിധ പേരുകളില്‍ പണം തട്ടിക്കൊണ്ടിരിക്കും. ചതിക്കപ്പെട്ടുവെന്ന് ബോധ്യപ്പെട്ടാലും, മാനഹാനി ഭയന്ന് പലരും പൊലീസില്‍ പരാതിപ്പെടാനോ മറ്റുള്ളവരോട് പറയാനോ തയ്യാറാകാത്തത് തട്ടിപ്പുകാര്‍ക്ക് ഗുണകരമാവുകയായിരുന്നു. തട്ടിപ്പിനുപിന്നില്‍ വലിയ സംഘമുണ്ടെന്ന് സംശയിക്കുന്നു.







