മഞ്ചേശ്വരം: മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തിന്റെ വാഹനം മഞ്ചേശ്വരം- മംഗളൂരു ട്രിപ്പടിയിലാണെന്നു ഹൊസങ്കടി ഗൗസിയ നഗറിലെ എന്‍ അബ്ദുല്‍ ഹമീദ് വിജിലന്‍സ് പൊലീസില്‍ പരാതിപ്പെട്ടു. കെ എല്‍ -14 എല്‍ 9926 ഗവണ്‍മെന്റ് വാഹനമാണ് ഇത്തരത്തില്‍ ട്രിപ്പടിക്കുന്നതെന്നു പരാതിയില്‍ ചൂണ്ടിക്കാട്ടി. ഇതിന് അകമ്പടിയായി മഞ്ചേശ്വരം ഗ്രാമപഞ്ചായത്ത് വാഹനവും പായുന്നുണ്ടെന്നു പരാതിയില്‍ പറഞ്ഞു. ഈ വാഹനങ്ങള്‍ മംഗളൂരുവില്‍ നടക്കുന്ന വിവാഹചടങ്ങു സ്ഥലങ്ങളിലും നാട്ടിലെ രാഷ്ട്രീയപാര്‍ട്ടി യോഗ സ്ഥലങ്ങളിലും ചില സ്വകാര്യ വ്യക്തികളുടെ വീട്ടു പരിസരങ്ങളിലും സ്‌കൂള്‍ പരിസരങ്ങളിലും സാധാരണയായി കാണാറുണ്ടെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടി. കഴിഞ്ഞ ഡിസംബര്‍ 27നും 28നും ഈ വാഹനം തലപ്പാടി ടോള്‍ ബൂത്ത് കടന്നു പോയിട്ടുണ്ട്. ഡിസംബര്‍ 28നു രാത്രി 9.30നായിരുന്നു ഇതു ടോള്‍ബൂത്തു കടന്നതെന്നും അക്കാര്യം മഞ്ചേശ്വരം ബി ഡി ഒയെ രേഖാമൂലം അറിയിച്ചിരുന്നെന്നും പരാതിയില്‍ കൂട്ടിച്ചേര്‍ത്തു.






