കാസര്‍കോട്: പാക്കം, ആലക്കോട്, ഇഎംഎസ് സ്മാരക ഗ്രന്ഥാലയം ആന്റ് വായനശാല ഏര്‍പ്പെടുത്തിയ ദിപിന്‍ സ്മാരക യുവപ്രതിഭാ പുരസ്‌കാരം യുവ ശാസ്ത്രജ്ഞന്‍ ഡോ. എ അനില്‍ കുമാറിന്. ഇന്നു (ഞായറാഴ്ച) വൈകുന്നേരം നാലിന് നടക്കുന്ന അനുസ്മരണ പരിപാടിയില്‍ വച്ച് കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍മാന്‍ വിവി രമേശന്‍ പുരസ്കാരം വിതരണം ചെയ്യും.
പള്ളിക്കര പഞ്ചായത്തിലെ പള്ളിപ്പുഴ സ്വദേശിയാണ് ഡോ. എ അനില്‍. കൂട്ടക്കനി ഗവ. യുപി സ്‌കൂള്‍, പാക്കം ഗവ. ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. കാസര്‍കോട് ഗവ. കോളേജില്‍ നിന്നു രസതന്ത്രത്തില്‍ ബിരുദം നേടി. കണ്ണൂര്‍ യൂണിവേഴ്‌സിറ്റി പയ്യന്നൂര്‍ ക്യാമ്പസില്‍ നിന്നു രസതന്ത്രത്തില്‍ നാലാം റാങ്കോടെ ബിരുദാനന്തര ബിരുദം നേടി. 2019ല്‍ കോഴിക്കോട് സര്‍വ്വകലാശാലയില്‍ നിന്നു ഡോക്ടറേറ്റ് ലഭിച്ചു. 2020 മുതല്‍ ബംഗ്‌ളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സില്‍ ശാസ്ത്ര ഗവേഷണം തുടരുന്ന ഡോ. അനില്‍ ഐഎസ്ആര്‍ഒയുടെ ശാസ്ത്ര പ്രൊജക്ടിന്റെ ഭാഗമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. പതിനേഴോളം അന്താരാഷ്ട്ര ജേര്‍ണലുകളില്‍ ഗവേഷണ പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അമേരിക്കന്‍ പേറ്റന്റ് ഉള്‍പ്പെടെ നിരവധി പേറ്റന്റുകള്‍ ലഭിച്ചിട്ടുണ്ട്. എം കൃഷ്ണന്‍-എ പത്മാവതി ദമ്പതികളുടെ മകനാണ്. ഭാര്യ: ഡോ. എം ബിന്ദു. മകന്‍: ആരോണ്‍ ബിന്ദു അനില്‍.






