ലഖ്‌നൗ: ഇറച്ചിക്കടയിലേക്ക് ഓടിവന്ന വളര്‍ത്തുനായയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ കടയുടമ അറസ്റ്റിലായി. വെളളിയാഴ്ച ഉത്തര്‍പ്രദേശിലെ കലാന്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം നടന്നത്. സലീം എന്ന ആളെയാണ് പൊലീസ് അറസ്റ്റുചെയ്തത്. ഭൂപേന്ദ്ര ശര്‍മ എന്ന വ്യക്തിയുടെ വളര്‍ത്തുനായയെ ആണ് ഇറച്ചിക്കടക്കാരനും ജീവനക്കാരനും ചേര്‍ന്ന് കൊലപ്പെടുത്തിയത്. ഇറച്ചിവെട്ടുന്ന മൂര്‍ച്ചയേറിയ ആുധം ഉപയോഗിച്ചാണ് നായയെ കുത്തിയത്. ആക്രമണത്തിന് ശേഷം സലീം സംഭവസ്ഥലത്തുനിന്ന് പോയിരുന്നു. കാണാത്തതിനാല്‍ നടത്തിയ അന്വേഷണത്തിലാണ് പരിക്കേറ്റ് ചത്ത നിലയില്‍ നായയെ ഭൂപേന്ദ്ര കണ്ടെത്തിയത്. തുടര്‍ന്ന് ഇയാള്‍ പൊലീസിനെ സമീപിക്കുകയായിരുന്നു.
മൃഗങ്ങളോടുള്ള ക്രൂരത തടയല്‍ നിയമത്തിലെ വകുപ്പുകള്‍ ചുമത്തിയാണ് പ്രതിക്കെതിരെ കേസടുത്തിരിക്കുന്നത്. സലീമിന്റെ കടയിലെ ജീവനക്കാരനായ വസൂവിനെയും പൊലീസ് അറസ്റ്റുചെയ്തിരുന്നു. പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.







