ചെറുവത്തൂര്‍: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങള്‍ ചൂടുപിടിച്ചു കൊണ്ടിരിക്കെ, തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ ട്വിസ്റ്റ്. ഇടത് മുന്നണി സ്ഥാനാര്‍ത്ഥിയായി മുന്‍ സി.പി.എം. ജില്ലാ സെക്രട്ടറി എം.വി ബാലകൃഷ്ണനെ കളത്തിലിറക്കാന്‍ സി പി എം സംസ്ഥാന നേതൃത്വം ആലോചിക്കുന്നു. ജില്ലയിലെ തലമുതിര്‍ന്ന നേതാവായ ബാലകൃഷ്ണന്‍ കഴിഞ്ഞ ലോക്‌സഭ തിരെഞ്ഞെടുപ്പില്‍ ഇടത് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്നു. എം.വി ബാലകൃഷ്ണന് ഒരു അവസരം കൂടി നല്‍കാനുള്ള നീക്കത്തിന്റെ ഭാഗമാണ് ഇതെന്നു പറയുന്നു. പാര്‍ട്ടി ജില്ലാ സെക്രട്ടറിയായിരുന്നപ്പോള്‍ പാര്‍ട്ടിക്ക് ആധുനിക സംവിധാനങ്ങളോടെയുള്ള ആസ്ഥാന മന്ദിരം നിര്‍മിക്കുകയും കൃത്യമായ ചട്ടക്കൂടില്‍ പാര്‍ട്ടിയെ നയിക്കുകയും ചെയ്തതിന്റെ മികവാണ് ബാലകൃഷ്ണനെ സംസ്ഥാന നേതൃതത്തിന് പ്രിയങ്കരനാക്കിയത്. ഈ സാഹചര്യത്തിലാണ് ഇത്തവണ തൃക്കരിപ്പൂര്‍ സീറ്റ് ബാലകൃഷ്ണന് നല്‍കാനുള്ള ആലോചനയിലേക്ക് കാര്യങ്ങള്‍ എത്തിച്ചതെന്നു പറയുന്നു. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ ബാലകൃഷ്ണന്റെ പേരായിരുന്നു തൃക്കരിപ്പൂരിലേക്ക് ഉയര്‍ന്നു കേട്ടിരുന്നതെങ്കിലും പിന്നീടതു തെന്നിപ്പോവുകയായിരുന്നു. അന്ന് രണ്ടാം തവണ എന്ന ബലത്തില്‍ എം രാജഗോപാലന്‍ വീണ്ടും സ്ഥാനാര്‍ത്ഥിയാവുകയായിരുന്നു. ഇത്തവണ വി.പി.പി മുസ്തഫ തൃക്കരിപ്പുരില്‍ മത്സരിക്കും എന്ന പ്രചരണം ശക്തമാണെങ്കിലും നേതൃത്വം അതു കാര്യമാക്കിയിട്ടില്ലെന്നു പറയുന്നു. കഴിഞ്ഞ ലോകസഭ തിരെഞ്ഞെടുപ്പിലും മുസ്തഫയുടെ പേര് പ്രചരിപ്പിച്ചിരുന്നു. എന്നാല്‍ പട്ടിക വന്നപ്പോള്‍ എം.വി ബാലകൃഷ്ണനായിരുന്നു സ്ഥാനാര്‍ത്ഥി. അതിനിടെ യു ഡി എഫില്‍ തൃക്കരിപ്പൂര്‍ സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുത്താല്‍ ജോമോന്‍ ജോസിനെ സ്ഥാനാര്‍ത്ഥിയാക്കാനാണ് സാധ്യത. അല്ലാത്ത പക്ഷം കേരള കോണ്‍ഗ്രസില്‍ നിന്നു കഴിഞ്ഞ തവണ മത്സരിച്ച ജോസഫ് തന്നെ മത്സരിക്കും. കാഞ്ഞങ്ങാട് മണ്ഡലത്തില്‍ ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ ഇടത് സ്ഥാനാര്‍ത്ഥിയാകും. കാഞ്ഞങ്ങാട്ട് രാജു കട്ടക്കയം, കഴിഞ്ഞ തവണ മത്സരിച്ച സുരേഷ് എന്നിവരില്‍ ഒരാള്‍ സ്ഥാനാര്‍ത്ഥിയായേക്കും. ഉദുമയില്‍ സി.എച്ച് കുഞ്ഞമ്പു തന്നെ വീണ്ടും മത്സരിക്കാനാണ് സാധ്യതയെന്നു സംസാരമുണ്ട്. യു ഡി എഫില്‍ നിന്നു ബി.പി പ്രദീപ്കുമാര്‍, ഹക്കിം കുന്നില്‍ എന്നിവരാണ് പരിഗണനയിലുള്ളത്. അതേ സമയം മഞ്ചേശ്വരത്ത് ജയാനന്ദനെ തന്നെ മത്സരിപ്പിക്കാനുള്ള നീക്കത്തിലാണ് സിപിഎം. നേരത്തെ ഇവിടെ മത്സരിച്ച വി.വി രമേശന്‍ കാഞ്ഞങ്ങാട് നഗരസഭ ചെയര്‍മാനായ സാഹചര്യത്തിലാണ് ഈ നീക്കം.






