കാസര്‍കോട്: വൊര്‍ക്കാടി, പഞ്ചായത്തിലെ കൊടലമുഗറു, സുള്ള്യമയിലെ ഷെഡില്‍ നിന്നു 116 കിലോ കഞ്ചാവ് പിടികൂടിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. മഞ്ചേശ്വരം, ഹൊസബെട്ടുവിലെ അബൂബക്കര്‍ സിദ്ദീഖ് എന്ന കടപ്പള ഹാരിസി (36)നെയാണ് എ എസ് പി നന്ദഗോപന്റെ നിര്‍ദ്ദേശ പ്രകാരം മഞ്ചേശ്വരം ഇന്‍സ്‌പെക്ടര്‍ പി അജിത്ത് കുമാറും സംഘവും അറസ്റ്റു ചെയ്തത്. പ്രതിയെ കോടതി രണ്ടാഴ്ച്ചത്തേയ്ക്ക് റിമാന്റു ചെയ്തു.
2025 ഒക്ടോബര്‍ എട്ടിന് പുലര്‍ച്ചെ ഒരു മണിയോടെയാണ് സുള്ള്യമയിലെ ഷെഡില്‍ നാലു പ്ലാസ്റ്റിക് ചാക്കുകളിലായി സൂക്ഷിച്ചിരുന്ന 116 കിലോ കഞ്ചാവ് അന്നത്തെ മഞ്ചേശ്വരം ഇന്‍സ്‌പെക്ടര്‍ ഇ അനൂബ് കുമാറും സംഘവും പിടികൂടിയത്. കഞ്ചാവ് എത്തിക്കാന്‍ ഉപയോഗിച്ചതെന്നു കരുതുന്ന മിനിലോറിയിലും അന്നു പിടികൂടിയിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തില്‍ നാലുപേരെ വിവിധ സമയങ്ങളിലായി പൊലീസ് അറസ്റ്റു ചെയ്തിരുന്നു. അബൂബക്കര്‍ സിദ്ദീഖിന്റെ അറസ്റ്റോടെ സുള്ള്യമെ കഞ്ചാവ് കേസില്‍ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായതായി പൊലീസ് അറിയിച്ചു.







