കാസര്‍കോട്: നിരവധി വ്യാവസായ സ്ഥാപനങ്ങള്‍ നിലനില്‍ക്കുന്ന വിദ്യാനഗര്‍ വ്യാവസായ എസ്റ്റേറ്റില്‍ വന്‍ തീപിടുത്തം. വെള്ളിയാഴ്ച വൈകിട്ടും ശനിയാഴ്ച ഉച്ചക്കുമാണ് തീപിടുത്തമുണ്ടായത്. സിഡ്‌കോ കാസര്‍കോട് മുനിസിപ്പാലിറ്റിക്കു വ്യവസായ സംരംഭങ്ങളാരംഭിക്കാന്‍ കൈമാറിയ എസ്റ്റേറ്റിനോടു ചേര്‍ന്ന സ്ഥലത്താണ് വന്‍ തീപിടുത്തമുണ്ടായത്. തീ ആളിപ്പടര്‍ന്നതോടെ എസ്‌റ്റേറ്റിലുണ്ടായിരുന്ന തൊഴിലാളികള്‍ വെള്ളമൊഴിച്ചു വെള്ളിയാഴ്ചയുണ്ടായ തീപിടുത്തം കെടുത്തുകയായിരുന്നു. ഈ സ്ഥലത്തു മുനിസിപ്പാലിറ്റി പ്ലാസ്റ്റിക് മാലിന്യങ്ങള്‍ മലപോലെ കൂട്ടിവച്ചിരിക്കുകയാണ്. ആ മാലിന്യങ്ങളില്‍ നിന്നു വേര്‍തിരിച്ച ഏറ്റവും മോശമായ മാലിന്യങ്ങളാണ് കത്തിച്ചതെന്നു പറയുന്നു. ഇതു വ്യവസായ സ്ഥാപനങ്ങള്‍ക്കു ഭീഷണിയായിട്ടുണ്ടെന്ന് ആക്ഷേപമുണ്ട്.
മോശമായ കടലാസുകഷ്ണങ്ങള്‍ കത്തിച്ചാല്‍പ്പോലും നടപടികളുമായി സടകുടഞ്ഞെഴുന്നേല്‍ക്കുന്ന അധികൃതര്‍ ഇതില്‍ മൗനം പാലിക്കുകയാണെന്നും ആക്ഷേപമുണ്ട്. ഇന്നുച്ചയ്ക്കുണ്ടായ തീപിടുത്തം ഫയര്‍ഫോഴ്‌സ് എത്തിയാണ് കെടുത്തിയത്. കുന്നുകൂട്ടിയിരിക്കുന്ന പ്ലാസ്റ്റിക്കിന് തീ പടര്‍ന്നു പിടിച്ചാല്‍ അതു വന്‍ നാശത്തിനിടയാവുമെന്ന് ഉത്കണ്ഠയുണ്ട്.









