കാസര്‍കോട്: ഉളിയത്തടുക്ക എസ്പി നഗറില്‍ ഓടിക്കൊണ്ടിരുന്ന ബസില്‍ നിന്നു പുക ഉയര്‍ന്നത് പരിഭ്രാന്തിക്കിടയാക്കി. ശനിയാഴ്ച ഉച്ചയ്ക്ക് 12.15 മണിയോടെയാണ് സംഭവം. കാസര്‍കോട്-സീതാംഗോളി റൂട്ടിലോടുന്ന സ്വകാര്യ ബസില്‍ നിന്നാണ് പുക ഉയര്‍ന്നത്. ഡ്രൈവര്‍ പെട്ടന്ന് ബസ് നിര്‍ത്തിയതോടെ പരിഭ്രാന്തരായ യാത്രക്കാര്‍ ഇറങ്ങിയോടി.
കണ്ടക്ടർ വിവരം അറിയിച്ചതിനെതുടര്‍ന്ന് സീനിയര്‍ ഫയര്‍ ആന്റ് റെസ്‌ക്യു ഓഫീസര്‍ വി.എം സതീശന്റെ നേതൃത്വത്തില്‍ ഫയര്‍ഫോഴ്‌സ് എത്തിയാണ് തീയണച്ചത്.
ഓടിക്കൊണ്ടിരിക്കെ ബസിന്റെ ടര്‍ബോ ജാം ആയതാണ് പുക ഉയരാനിടയാക്കിയത്.
ഫയര്‍ ആന്റ് റെസ്‌ക്യു ഓഫീസര്‍മാരായ പ്രജിത്ത്, അഭിലാഷ്, ജിതിന്‍ കൃഷ്ണന്‍, അശ്വിന്‍, ഹോംഗാര്‍ഡ് രാജു എന്നിവരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.






