തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത് ജീവപര്യന്തം തടവു ശിക്ഷവരെ കിട്ടാവുന്ന ഗുരുതര കുറ്റങ്ങള്‍. വിശ്വാസവഞ്ചന, വസ്തുക്കളുടെ ദുരുപയോഗം, വ്യാജരേഖ നിര്‍മാണത്തിന്റെ വിവിധ വകുപ്പുകള്‍ എന്നിവയാണ് ചുമത്തിയിരിക്കുന്നത്. ഗൂഢാലോചനയ്ക്കും അഴിമതി നിരോധന നിയമത്തിനും പുറമേയാണിത്. അധികാരി നടത്തുന്ന വിശ്വാസവഞ്ചന എന്ന കുറ്റവും വിലപ്പെട്ട രേഖകളുടെ വ്യാജരേഖ നിര്‍മാണവും ജീവപര്യന്തം തടവുശിക്ഷ കിട്ടാവുന്ന കുറ്റമാണ്. കൂടുതല്‍ തെളിവുകള്‍ കണ്ടെത്താന്‍ തന്ത്രി കണ്ഠര് രാജീവരുടെ വീട്ടില്‍ എസ്‌ഐടി പരിശോധന നടത്തുമെന്ന് അറിയുന്നു.
ദ്വാരപാലക ശില്‍പ കേസിലും തന്ത്രിയെ പ്രത്യേക അന്വേഷണ സംഘം പ്രതി ചേര്‍ക്കുമെന്ന് സൂചനയുണ്ട്. ഇതുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും. തന്ത്രി ദേവസ്വം മാനുവല്‍ ലംഘനത്തിനു കൂട്ടു നിന്നു, സ്വര്‍ണം ചെമ്പാക്കിയ മഹസറില്‍ ഒപ്പിട്ടു, യുബി ഗ്രൂപ്പ് സ്വര്‍ണം പൂശിയതില്‍ തന്ത്രിക്ക് വ്യക്തമായ അറിവുണ്ടെന്നുമുള്ള കാര്യങ്ങള്‍ എസ്.ഐ.ടി കണ്ടെത്തിയിട്ടുണ്ട്. ദേവസ്വം മാന്വലില്‍ തന്ത്രിയുടെ കടമകള്‍ വ്യക്തമാണെന്നും അസി.കമ്മീഷണര്‍ റാങ്കിലുള്ള ഉദ്യോഗസ്ഥനുള്ള ഉത്തരവാദിത്വങ്ങള്‍ തന്ത്രിക്കുമുണ്ടെന്നും എസ്.ഐ.ടി വ്യക്തമാക്കി.
ആദ്യഘട്ടം ചോദ്യം ചെയ്യലില്‍ സ്വര്‍ണക്കൊള്ളയില്‍ തനിക്ക് ബന്ധമൊന്നുമില്ലെന്നായിരുന്നു തന്ത്രിയുടെ നിലപാട്. അന്ന് ചില വിവരങ്ങള്‍ അറിയാനെന്ന തരത്തില്‍ അന്വേഷണസംഘം വിളിച്ചു വരുത്തുകയായിരുന്നു. ഒരു ചോദ്യംചെയ്യലിന്റെ പ്രതീതി ഉണ്ടാക്കാതെ ആയിരുന്നു ഉദ്യോഗസ്ഥരുടെ ഇടപെടല്‍. ആദ്യഘട്ട ചോദ്യംചെയ്യലിനു ശേഷമുണ്ടായ അതേ ആത്മവിശ്വാസത്തോടെയാണ് കഴിഞ്ഞദിവസം വിളിപ്പിച്ചപ്പോള്‍ തന്ത്രി അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജരായതെന്ന് പറയുന്നു.
സഹായി നാരായണന്‍ നമ്പൂതിരിക്കൊപ്പമാണ് എത്തിയത്. കാര്യങ്ങള്‍ ഏകദേശം ഉറപ്പിച്ച ശേഷമാണ് അന്വേഷണസംഘം അദ്ദേഹത്തെ വിളിപ്പിച്ചത്. ക്രൈംബ്രാഞ്ച് മേധാവി എച്ച്. വെങ്കിടേഷ് ഉള്‍പ്പെടെയുള്ളവരുടെ ചോദ്യംചെയ്യലിനുശേഷം വെള്ളിയാഴ്ച ഉച്ചയോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് ഇതുവരെ 11 അറസ്റ്റാണ് പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തിയിരിക്കുന്നത്.







