ചെന്നൈ: എലിവിഷം കഴിച്ച് ആത്മഹത്യയ്‌ക്കൊരുങ്ങിയ യുവതിക്ക് ഓണ്‍ലൈന്‍ ഡെലിവറി ബോയി രക്ഷകനായി. രാത്രി വൈകിയെത്തിയ ഓര്‍ഡറുമായി സ്ഥലത്തെത്തിയപ്പോള്‍ ഡെലിവറി ബോയിക്ക് തോന്നിയ സംശയമാണ് ഒരാളുടെ ജീവന്‍ രക്ഷിക്കാന്‍ ഇടയായത്. ഡെലിവറി ബോയിയുടെ സമയോചിതവും തന്ത്രപൂര്‍വവുമായ ഇടപെടല്‍ യുവതിയെ ജീവിതത്തിലേക്ക് തിരികെ എത്തിക്കുകയും ചെയ്തു.
കഴിഞ്ഞ ദിവസം തമിഴ്‌നാട്ടിലാണ് സംഭവം. ഡെലിവറി ബോയി തന്നെയാണ് ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. മൂന്ന് പായ്ക്കറ്റ് എലിവിഷമായിരുന്നു യുവതി ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്തത്. ഡെലിവറിക്കെത്തിയപ്പോള്‍ കണ്ടത് കരഞ്ഞുകൊണ്ടിരിക്കുന്ന യുവതിയെ ആണ്. സംശയം തോന്നി സംസാരിച്ചപ്പോള്‍ യുവതി മരിക്കാനുള്ള തയാറെടുപ്പിലാണെന്ന് തിരിച്ചറിഞ്ഞു.
ഇതോടെ ഡെലിവറി ബോയി അവരെ പിന്തിരിപ്പിച്ച് ഓര്‍ഡര്‍ ക്യാന്‍സല്‍ ചെയ്യിക്കുകയായിരുന്നു. വീഡിയോ പുറത്തുവന്നതിന് പിന്നാലെ ഡെലിവറി ബോയിയെ തേടി അഭിനന്ദന പ്രവാഹമാണ്. ഇത്തരം ആളുകള്‍ ഉള്ളത് കൊണ്ടാണ് നമ്മുടെ ലോകം ഇങ്ങനെ നിലനില്‍ക്കുന്നത് എന്നാണ് വീഡിയോയ്ക്ക് താഴെ ഒരാള്‍ കുറിച്ചു.







