കാസര്‍കോട്: ഉദുമ, ബാര മുക്കുന്നോത്ത് ഗള്‍ഫുകാരന്റെ വീട്ടില്‍ വന്‍ കവര്‍ച്ച. വീടിന്റെ മുന്‍ഭാഗത്തെ വാതില്‍കുത്തിത്തുറന്ന് അകത്തു കടന്ന മോഷ്ടാക്കള്‍ അലമാരയില്‍ ഉണ്ടായിരുന്ന എട്ടുപവന്‍ സ്വര്‍ണ്ണാഭരണങ്ങളും 5000 രൂപയും കവര്‍ന്നു.
മുക്കുന്നോത്തെ മുരളിയുടെ വീട്ടില്‍ വെള്ളിയാഴ്ച രാത്രിയാണ് കവര്‍ച്ച നടന്നത്. മുരളിയുടെ ഭാര്യയും മക്കളും ഭാര്യാ മാതാവുമാണ് വീട്ടില്‍ താമസം. ഭാര്യയുടെ മാതാവിന്റെ മാതാവ് അടുത്തിടെ മരിച്ചിരുന്നു. അതിനാല്‍ ഭാര്യാ മാതാവ് പൊയ്‌നാച്ചിയിലെ വീട്ടിലേയ്ക്ക് പോയിരുന്നു. മുരളിയുടെ ഭാര്യയും മക്കളും തൊട്ടടുത്തുള്ള പിതാവിന്റെ വീട്ടിലാണ് രാത്രി ഉറങ്ങാന്‍ പോയിരുന്നത്. ശനിയാഴ്ച രാവിലെ വീട്ടിലെത്തിയപ്പോഴാണ് വിടിന്റെ മുന്‍ഭാഗത്തെ വാതില്‍ തുറന്നു കിടക്കുന്നത് കണ്ടത്. അകത്തു കയറി നോക്കിയപ്പോള്‍ അലമാര തുറന്നു കിടക്കുന്നതായും ആഭരണങ്ങളും പണവും നഷ്ടപ്പെട്ടതായും വ്യക്തമായി. വിവരമറിഞ്ഞ് മേല്‍പ്പറമ്പ് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പൊലീസ് ഡോഗ് സ്‌ക്വാഡും ഫോറന്‍സിക് വിദഗ്ദ്ധരും കവര്‍ച്ച നടന്ന വീട്ടില്‍ എത്തിയിട്ടുണ്ട്.








