മഞ്ചേശ്വരം: മഞ്ചേശ്വരം ഗ്രാമപഞ്ചായത്തില്‍ മൃഗീയ ഭൂരിപക്ഷമുള്ള മുസ്ലീംലീഗ് അവിവേകം കൊണ്ടു വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനം കൈവിടുമെന്ന ഘട്ടമെത്തിയപ്പോള്‍ രക്ഷകരായി പി ഡി പി ചാടിവീണു. പി ഡി പിയുടെ സഹായവും ഔദാര്യവും കൊണ്ട് ആ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനവും മുസ്ലീംലീഗിനായി.
സ്റ്റാന്റിംഗ് കമ്മിറ്റികളിലേക്കുള്ള അംഗങ്ങളെ നേരത്തെ തിരഞ്ഞെടുത്തിരുന്നു. ഇന്നലെ നടന്ന സ്റ്റാന്റിംഗ് കമ്മിറ്റികളുടെ ചെയര്‍മാന്മാരുടെ തിരഞ്ഞെടുപ്പിലാണ് ബുദ്ധിശൂന്യതകൊണ്ട് ലീഗ് അക്കിടിയിലായത്. 24 അംഗ പഞ്ചായത്ത് കമ്മിറ്റിയില്‍ മുസ്ലീംലീഗിന് 14 അംഗങ്ങളാണുള്ളത്. കുളിപ്പിച്ചു കുളിപ്പിച്ചു കൊച്ചിനെ ഇല്ലാതാക്കിയെന്നു പറഞ്ഞപോലെ കോണ്‍ഗ്രസിനെ സ്‌നേഹിച്ചു സ്‌നേഹിച്ച് ഒറ്റ സീറ്റില്‍ ഒതുക്കിയെങ്കിലും സാമ്പത്തികകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനം ആ പാര്‍ട്ടിക്കു നല്‍കി യു ഡി എഫിന്റെ ഐക്യദാര്‍ഢ്യം മഞ്ചേശ്വരത്തെ മുസ്ലീംലീഗ് കണ്ണിലെ കൃഷ്ണമണിപോലെ സൂക്ഷിച്ചു.
അവശേഷിച്ച മൂന്നു സ്റ്റാന്റിംഗ് കമ്മിറ്റികളില്‍ വികസന മൊഴിച്ചുള്ളവയില്‍ ലീഗ് സ്ഥാനാര്‍ത്ഥികള്‍ ജയിച്ചു കയറി. ഒടുവില്‍ വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനത്തേക്കു മത്സരമാരംഭിച്ചപ്പോള്‍ ആ സ്ഥാനത്തേക്കു ലീഗ് സ്ഥാനാര്‍ത്ഥിയുടെ പേരുപറയാന്‍ പോലും ആ പാര്‍ട്ടിയുടെ മറ്റൊരംഗമില്ലാതെ വിഷമിച്ചു.
പഞ്ചായത്ത് ഭരണസമിതിയില്‍ ആറ് അംഗങ്ങളുള്ള ബി ജെ പിക്കു വികസന സ്റ്റാന്റിംഗ് കമ്മിറ്റിയിലേക്കു രണ്ടുപേരെ തിരഞ്ഞെടുക്കാന്‍ കഴിഞ്ഞു. ലീഗ് റിബലും പി ഡി പിയും തങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്ന ഉറപ്പില്‍ ലീഗിലെ മൊത്തം അംഗങ്ങളും ചേര്‍ന്ന് അവരെ രണ്ടുപേരെയും വികസന സ്റ്റാന്റിംഗ് കമ്മിറ്റി അംഗങ്ങളായി തിരഞ്ഞെടുത്തു. രണ്ടംഗങ്ങളുള്ള എസ് ഡി പി ഐയും ഒരംഗത്തെ സ്റ്റാന്റിംഗ് കമ്മിറ്റി അംഗമായി തിരഞ്ഞെടുത്തു. പിന്നീട് വികസന സ്റ്റാന്റിംഗ് കമ്മിറ്റിയില്‍ ലീഗിന്റെ ഒരംഗം മാത്രമേ ഉണ്ടായിരുന്നുള്ളൂ. അയാളുടെ പേരു ലീഗ് റിബല്‍ പറയുമെന്നു ലീഗു നേതൃത്വം കരുതിയിരുന്നെങ്കിലും എസ് ഡി പി ഐ അംഗത്തിന്റെ പിന്തുണയോടെ ലീഗ് റിബല്‍ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനത്തേക്കു നിര്‍ദ്ദേശിക്കപ്പെട്ടിരുന്നു.
ഇതോടെ ലീഗിന്റെ വയറ്റില്‍ തീപിടിച്ചു. ആരുടെയും സഹായമില്ലാതെ ലീഗിനു മാത്രം സ്റ്റാന്റിംഗ് കമ്മിറ്റിയില്‍ മൂന്നംഗത്തെ വിജയിപ്പിക്കാനുള്ള ശക്തി ഉണ്ടായിട്ടും ഒരംഗത്തെക്കൊണ്ടു തൃപ്തരായ പഞ്ചായത്ത് ലീഗ് നടപടി ജില്ലാ നേതൃത്വത്തിന്റെ അച്ചടക്ക നടപടിക്ക് നിര്‍ബന്ധിതരാക്കുമെന്നു അവര്‍ ഭയന്നു. എന്തു തന്നെ വന്നാലും ബി ജെ പിയെയും എസ് ഡി പി ഐയെയും അധികാരത്തിനു വേണ്ടി കൂട്ടുപിടിക്കരുതെന്നും അവരുടെ കൂട്ടുകൂടല്‍ സ്വീകരിക്കരുതെന്നും ലീഗ് നേതൃത്വം താക്കീതു ചെയ്തിരുന്നു.
ആകെ പരിഭ്രാന്തരായി ലീഗ് പഞ്ചായത്ത് അംഗങ്ങള്‍ നില്‍ക്കുന്നതിനിടയില്‍ പി ഡി പി അംഗം ചാടിവീണു. വികസന സ്റ്റാന്റിംഗ് കമ്മിറ്റിയിലെ ഏക അംഗത്തെ ചെയര്‍മാന്‍ സ്ഥാനത്തേക്കു നിര്‍ദ്ദേശിച്ചു. അതോടെ ആ സ്ഥാനത്തേക്കു ബി ജെ പിയുടെയും എസ് ഡി പി ഐ- ലീഗ് റിബല്‍ അംഗത്തിന്റെയും ലീഗിന്റെയും സ്ഥാനാര്‍ത്ഥികളായതോടെ നറുക്കിട്ടു. നറുക്കില്‍ ഭാഗ്യം ലീഗിനു അനുകൂലമായതോടെ ലീഗു നേതാക്കള്‍ക്കു ശ്വാസം വീണു. ഇതിന് അവസരമൊരുക്കിയതു പി ഡി പി യാണെന്ന് അവര്‍ അവകാശപ്പെട്ടില്ല. തങ്ങള്‍ വാക്കു പാലിക്കുന്നവരാണെന്നു മാത്രം പറഞ്ഞു.








