കുമ്പള: ദേശീയ പാതയിലെ കുമ്പള ടോള്‍ പ്ലാസ തിങ്കളാഴ്ച പ്രവര്‍ത്തനമാരംഭിക്കാനിരിക്കെ ആക്ഷന്‍ കമ്മിറ്റി രൂക്ഷമായ പ്രക്ഷോഭത്തിനു തയ്യാറെടുപ്പാരംഭിച്ചു. ടോളുമായി ബന്ധപ്പെട്ടു ഹൈക്കോടതിയില്‍ നിലവിലുള്ള കേസു തീര്‍പ്പാവുന്നതിനു മുമ്പു ടോള്‍ പിരിക്കാന്‍ അനുവദിക്കില്ലെന്നു ആക്ഷന്‍ കമ്മിറ്റി ഭാരവാഹികളും ജനപ്രതിനിധികളുമായ എകെഎം അഷ്‌റഫ് എംഎല്‍എ, വിപി അബ്ദുല്‍ ഖാദര്‍ ഹാജി, അഷ്‌റഫ് കാര്‍ള, അസീസ് കളത്തൂര്‍, വിവിധ പാര്‍ട്ടി ഭാരവാഹികളായ സിഎ സുബൈര്‍, മഞ്ജുനാഥ ആള്‍വ, ലക്ഷ്മണപ്രഭു, ബിഎന്‍ മുഹമ്മദലി, എ.കെ ആരിഫ്, ഹമീദ് കോയിപ്പാടി, അബ്ദുല്‍ ലത്തീഫ് കുമ്പള മുന്നറിയിച്ചു.
ടോള്‍ പ്രവര്‍ത്തനമാരംഭിക്കുന്ന വിവരമറിഞ്ഞുടനെ ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ പഞ്ചായത്ത് ഓഫീസില്‍ അടിയന്തര യോഗം ചേര്‍ന്ന ശേഷം ടോള്‍ പ്ലാസയിലെത്തി അധികൃതരുമായി വിവരങ്ങള്‍ ചര്‍ച്ച ചെയ്യുകയും പ്രക്ഷോഭ വിവരം അറിയിക്കുകയും ചെയ്തു. പൊതു ജനങ്ങളെ പങ്കെടുപ്പിച്ചു കൊണ്ടായിരിക്കും പ്രക്ഷോഭമെന്നും മുന്നറിയിച്ചിട്ടുണ്ട്.






