കാസര്‍കോട്: വിദ്യാലയങ്ങളില്‍ പത്താംക്ലാസ് വരെ മലയാളം നിര്‍ബന്ധിത ഒന്നാം ഭാഷയാക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ മലയാളം ഭാഷാബില്‍ പ്രതിഷേധാര്‍ഹമാണെന്നു ബി ജെ പി കോഴിക്കോട് മേഖലാ പ്രസിഡണ്ട് കെ ശ്രീകാന്ത്, ജില്ലാ പ്രസിഡണ്ട് എം എല്‍ അശ്വിനി എന്നിവര്‍ കാസര്‍കോട്ട് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
നിയമസഭയില്‍ വലിയ ചര്‍ച്ച ഇല്ലാതെ പാസാക്കിയ ഈ ബില്ലിനെതിരെ വിയോജിപ്പ് അറിയിക്കുന്നതിലും ജില്ലയിലെ ഭാഷാ ന്യൂനപക്ഷങ്ങളുടെ അവകാശം ഉയര്‍ത്തി പിടിക്കുന്നതിലും ജില്ലയിലെ എം എല്‍ എമാര്‍ പരാജയപ്പെട്ടതായി അവര്‍ ആരോപിച്ചു. ജില്ലയിലെ ലക്ഷകണക്കിന് കന്നഡിഗര്‍ ആശങ്കയിലായിരിക്കുകയാണ്. കന്നഡ മീഡിയം സ്‌കൂളുകളുടെ നിലനില്‍പ് കൂടിയാണ് ഇതോടെ ഇല്ലാതാകുന്നത്. മലയാള ഭാഷാ ബില്ലിനെ ചൊല്ലി കര്‍ണ്ണാടക മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായിരുന്ന സിദ്ധരാമയ്യ നടത്തിയ പ്രസ്താവനയോട് കോണ്‍ഗ്രസിന്റെ സഖ്യ കക്ഷിയായ മുസ്ലീംലീഗ് എം എല്‍ എമാരുടെ നിലപാട് അറിയാന്‍ താല്‍പ്പര്യം ഉണ്ട്-കെ ശ്രീകാന്തും അശ്വിനിയും പറഞ്ഞു.
മതന്യൂനപക്ഷങ്ങളുടെ പ്രശ്‌നങ്ങളില്‍ ഇടപെടാന്‍ കാട്ടുന്ന ആവേശം ഭാഷാ ന്യൂനപക്ഷങ്ങളുടെ അവകാശ സംരക്ഷണത്തില്‍ കാണാന്‍ കഴിയുന്നില്ല. മലയാള ഭാഷ പഠിപ്പിക്കുന്നതിനു ബി ജെ പി എതിരല്ലെങ്കിലും ബില്ലിലെ ആറാം അനുച്ഛേദം കന്നഡ ഭാഷാ പഠനം ഏറെ പ്രതിസന്ധിയിലാക്കുന്നു- നേതാക്കള്‍ ചൂണ്ടിക്കാട്ടി.
നിര്‍മ്മാണം പൂര്‍ത്തിയായിവരുന്ന ദേശീയപാതയിലെ സ്ഥലനാമങ്ങളും ദിശാസൂചികളും കന്നഡയിലും പ്രദര്‍ശിപ്പിക്കണമെന്നു കൂട്ടിച്ചേര്‍ത്തു. ജില്ലാ ജനറല്‍ സെക്രട്ടറിമാരായ പി ആര്‍ സുനില്‍, എന്‍ ബാബുരാജ് എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.






