കാസര്‍കോട്ടെ സ്‌കൂളുകളില്‍ മലയാളം നിര്‍ബന്ധമാക്കുന്നതിനെതിരെ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ

ബംഗളൂരു: കേരളം കൊണ്ടുവന്ന ‘മലയാള ഭാഷാ ബില്‍ 2025’ നെതിരെ കര്‍ണാടക സര്‍ക്കാര്‍. ഭരണഘടന ഉറപ്പുനല്‍കുന്ന ഭാഷാസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണ് ഈ ബില്ലെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. നിയമനിര്‍മ്മാണം എത്രയും വേഗം പിന്‍വലിക്കണമെന്ന് അദ്ദേഹം കേരള മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. ബില്ലില്‍ പുനര്‍വിചിന്തനം നടത്തണമെന്ന് ആവശ്യപ്പെട്ട് കര്‍ണാടക അതിര്‍ത്തി പ്രദേശ വികസന അതോറിറ്റി കഴിഞ്ഞ ദിവസം കാസര്‍കോട്ടു വച്ച് കേരള ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ക്ക് നിവേദനം നല്‍കിയതിന് തൊട്ടുപിന്നാലെയാണ് സിദ്ധരാമയ്യയുടെ പ്രതികരണം. കന്നഡ, തമിഴ് മീഡിയം സ്‌കൂളുകളില്‍ പ്രാഥമിക തലം മുതല്‍ മലയാളപഠനം നിര്‍ബന്ധമാക്കുന്നതാണ് ബില്ല്.
സര്‍ക്കാര്‍-സ്വകാര്യ സ്‌കൂളുകളില്‍ ഒന്നു മുതല്‍ 10 വരെ ക്ലാസുകളില്‍ മലയാളം ഒന്നാം ഭാഷയായി ബില്‍ നിര്‍ബന്ധമാക്കുന്നു. കന്നഡ സംസാരിക്കുന്നവര്‍ ധാരാളമുള്ള അതിര്‍ത്തി ജില്ലയായ കാസര്‍കോട് കന്നഡ മീഡിയം സ്‌കൂളുകളെ ഇത് ബാധിക്കുമെന്നാണ് ആരോപണം.
‘കേരളത്തിലെ കന്നഡ മീഡിയം സ്‌കൂളുകളില്‍ മലയാളം ഒന്നാം ഭാഷയായി പഠിക്കുന്നത് നിര്‍ബന്ധമാക്കുന്ന കേരള സര്‍ക്കാരിന്റെ നിര്‍ദിഷ്ട മലയാള ഭാഷാ ബില്‍-2025, ഭരണഘടന ഉറപ്പുനല്‍കുന്ന ഭാഷാസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണെന്ന് പറയുന്നതില്‍ എനിക്ക് ഖേദമുണ്ട്. ഈ നിയമം നടപ്പിലാക്കിയാല്‍ കേരളത്തിലെ അതിര്‍ത്തി ജില്ലകളില്‍, പ്രധാനമായും കാസര്‍കോട് താമസിക്കുന്ന കന്നഡക്കാര്‍ക്ക് അവരുടെ മാതൃഭാഷ പഠിക്കാനുള്ള അവസരം നഷ്ടപ്പെടും. ഭാഷാ ന്യൂനപക്ഷങ്ങളുടെ മൗലികാവകാശങ്ങള്‍ അടിച്ചമര്‍ത്താനുള്ള ഇത്തരം നീക്കം കേരളത്തിലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാരില്‍ നിന്ന് ഞങ്ങള്‍ പ്രതീക്ഷിച്ചതല്ല,’- സിദ്ധരാമയ്യ എക്‌സില്‍ കുറിച്ചു.
കാസര്‍കോട് ഭരണപരമായി കേരളത്തിന്റെ ഭാഗമാണെങ്കിലും വൈകാരികമായി കര്‍ണാടകയുടേതാണെന്നും അവിടുത്തെ ജനങ്ങളുടെ ജീവിതം കന്നഡ ഭാഷയുമായും സംസ്‌കാരവുമായും സാഹിത്യവുമായും ഇഴചേര്‍ന്നു കിടക്കുകകയാണെന്നും സിദ്ധരാമയ്യ പറഞ്ഞു. ‘അവര്‍ കര്‍ണാടകയിലെ കന്നഡികരേക്കാള്‍ കുറഞ്ഞവരല്ല. അവരുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കേണ്ടത് ഞങ്ങളുടെ സര്‍ക്കാരിന്റെ കടമയാണ്,’ അദ്ദേഹം പറഞ്ഞു. കാസര്‍കോടുള്ള കന്നഡ സംസാരിക്കുന്നവരില്‍ 70 ശതമാനം വിദ്യാര്‍ത്ഥികളും കന്നഡ പഠിക്കാനും കന്നഡ മീഡിയത്തില്‍ പഠിക്കാനും ആഗ്രഹിക്കുന്നവരാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബംഗളൂരു കൊഗിലുവിലെ ഒഴിപ്പിക്കല്‍ നടപടിയെച്ചൊല്ലി സിദ്ധരാമയ്യയും പിണറായി വിജയനും തമ്മില്‍ കഴിഞ്ഞ ആഴ്ച ഏറ്റുമുട്ടിയതിന് പിന്നാലെയാണ് ഇപ്പോള്‍ വീണ്ടും ഇരു മുഖ്യമന്ത്രിമാരും തമ്മില്‍ തര്‍ക്കം ഉടലെടുത്തിരിക്കുന്നത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page